തമിഴ്‌മക്കളുടെ വീരനായിക കണ്ണകിയ്ക്ക് തമിഴ്നാട്ടിൽ മാത്രമല്ല, ഇവിടെ നമ്മുടെ കേരളത്തിലും ഒരു ക്ഷേത്രമുണ്ട്. വർഷത്തിൽ ഒരിക്കൽ, ചൈത്ര മാസത്തിലെ പൗർണമിക്ക് മാത്രം തുറന്ന് പൂജ നടക്കുന്ന മംഗളാദേവീ ക്ഷേത്രം. കേരളീയ- തമിഴ് ആചാരങ്ങൾ ഒന്നിച്ചു നടക്കുന്ന ഏക ക്ഷേത്രമാണ് മംഗളാദേവി. ഇവിടത്തെ ശിവ പ്രതിഷ്ഠയുള്ള ശ്രീകോവിലിൽ പൂജ ചെയ്യുന്നത് കേരളീയനായ പൂജാരിയാണ്. എന്നാൽ തൊട്ടടുത്ത മംഗളാദേവിയുടെ ശ്രീകോവിലിലെ പൂജാദികർമങ്ങൾ നടത്തുന്നത് തമിഴരാണ്. ക്ഷേത്രവും ഭൂമിയും പൂർണമായും കേരളത്തിന്റെ പരിധിയിലാണെങ്കിലും തമിഴ് മക്കൾ അവകാശവാദമുന്നയിച്ചതോടെയാണ് മംഗളാദേവി ക്ഷേത്രവും പരിസരവും തർക്കഭൂമിയായത്. മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് മലയാളികളും തമിഴരുമായ ഭക്തജനങ്ങളുടെ തിരക്കാണ്. തെക്കൻ കേരളത്തിൽ കണ്ടു വരുന്ന പൊങ്കാല ഇവിടെയും കാണാം. പൊങ്കലിനുള്ള സാധനങ്ങളെല്ലാം സ്വയം കൊണ്ടുപോകണം. പൊങ്കാല കഴിഞ്ഞ് പ്രസാദവുമായി മടങ്ങാം. വർഷങ്ങളായി തുടർന്നു പോരുന്ന ആചാരം. മംഗളാദേവി ക്ഷേത്രവും അതിന്റെ ചരിത്രവും പഴമയും ഇന്നും അവ്യക്തമാണ്. 2000–2500 വർഷത്തെ പഴക്കമുണ്ടെന്ന് അനുമാനിക്കാം. ആരാണ് ക്ഷേത്രം നിർമിച്ചതെന്ന കാര്യത്തിന് തെളിവില്ല. ഐതിഹ്യപ്രകാരം ഇളങ്കോവടികൾ രചിച്ച ചിലപ്പതികാരം എന്ന മഹാകാവ്യത്തിലെ കണ്ണകിയുടെ കഥ കേട്ട ചേരൻ ചെങ്കുട്ടുവനാണ് ക്ഷേത്ര പണിതതെന്ന് വിശ്വസിക്കുന്നു. കൊടുംവനത്തിൽ ആയിരക്കണക്കിന് അടി ഉയരത്തിൽ ആരോരുമറിയാതെ അജ്ഞാതമായിക്കിടന്ന ഈ കല്ലു ക്ഷേത്രം എങ്ങനെയാകും പുറംലോകമറിഞ്ഞത് എന്ന സംശയം ഇവിടെയെത്തുന്ന ഏതൊരാൾക്കുള്ളിലും മിന്നിമായുമെന്നുറപ്പാണ്. ഭക്തിയുടെ മുഖങ്ങൾ മംഗളാദേവി സന്നിധിയിൽ കുറവാണ്. വർഷത്തിൽ ഒരിക്കൽ മാത്രം കാണാൻ പറ്റുന്ന അപൂർവ കാഴ്ചയായാണ് ഇവിടം അറിയപ്പെടുന്നത്. അതിനാൽ തന്നെയാണ് ചൈത്രപൗർണമിക്ക് ഇവിടെ വൻ തിരക്ക്. മഹാക്ഷേത്രങ്ങളിൽ കണ്ടു വരുന്ന ഭക്തിയുടെ ആറാട്ട് ഇവിടെയില്ല. ആനയും അമ്പാരിയുമില്ല. മംഗളാദേവിയുടെ ഉത്സവം പ്രകൃതിയുടെ ഉത്സവമാണ്. വനത്തിന്റെ തണുപ്പിൽ മനസിലേക്ക് ആവാഹിക്കാവുന്ന വേറിട്ട അനുഭൂതിയാണ് ഇവിടെ ഭക്തി.
ഓരോ വർഷവും തിരക്കേറുന്നു
ഓരോ വർഷവും മംഗളാദേവിയിൽ ചിത്രപൗർണ്ണമി മഹോത്സവം ദർശിക്കാനെത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ഈ വർഷത്തെ ചിത്രാപൗർണമി ഉത്സവത്തിന് 19,501 ഭക്തർ എത്തിയതായി വനം വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ തവണ 15,534 പേരാണ് ക്ഷേത്രം സന്ദർശിച്ചത്. ഇത്തവണ നാലായിരത്തോളം ഭക്തരുടെ വർദ്ധനവാണുണ്ടായത്. കേരളവും തമിഴ്നാടും സംയുക്തമായാണ് ഉത്സവം നടത്തിയത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിലെ ഉത്സവനാളിൽ ഒരേസമയം കേരളം, തമിഴ്നാട് ശൈലികളിലെ പൂജകൾ നടന്നു. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും പുലർച്ചെ അഞ്ച് മണിയോടെ നട തുറന്ന് ആചാരചടങ്ങുകൾ ആരംഭിച്ചു. ആദ്യ ശ്രീകോവിലിലും ഉപദേവതാ പ്രതിഷ്ഠകളായ ഗണപതി, ശിവപാർവ്വതീ സങ്കൽപ്പത്തിലുള്ള പെരുമാൾ കോവിലുകളിലും കേരളരീതിയിലുള്ള പൂജകളാണ് നടത്തിയത്. തന്ത്രി സൂര്യകാലടി മന ജയസൂര്യൻ നമ്പൂതിരിപ്പാടും വള്ളിയൻ കാവ് മേൽശാന്തിയായ ബിജുകുമാർ നമ്പൂതിരിയും പൂജകൾക്ക് നേതൃത്വം നൽകി. തൊട്ടടുത്തുള്ള ശ്രീകോവിലിൽ തമിഴ്നാട് രീതിയിലുള്ള പൂജാവിധികളാണ് നടത്തിയത്. ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേരള തമിഴ്നാട് പൊലീസ്, റവന്യൂ, വനംവകുപ്പ്, എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ്, ആരോഗ്യം, അഗ്നി രക്ഷാ സേന അധികൃതർ സംയുക്തമായാണ് ചിത്രാപൗർണ്ണമി ഉത്സവം നടത്തിയത്.
ക്രമീകരണം പരാജയം
ചിത്രപൗർണമി ഉത്സവത്തോടനുബന്ധിച്ച് മംഗളാദേവി ക്ഷേത്രത്തിൽ ദർശനത്തിനായി കുമളിയിലെത്തിയ ഭക്തർക്ക് വേണ്ടത്ര ക്രമീകരണമൊരുക്കുന്നതിൽ ജില്ലാ ഭരണകൂടം പരാജയപ്പെട്ടതായി ആക്ഷേപം. വാഹനസൗകര്യം ലഭിക്കാതെ പുലർച്ചെ രണ്ടു മുതൽ ക്യൂവിൽ നിന്ന ആയിരങ്ങളാണ് വലഞ്ഞത്. രാവിലെ ആറിന് പുറപ്പെട്ട ആദ്യ വാഹന സംഘത്തിൽ പോകാൻ കഴിയാതെ ക്യൂവിൽ നിന്ന ഭക്തർക്ക് പിന്നീട് 11 മണിക്കാണ് പോകാനായത്. ഭക്തന്മാർ ഒമ്പത് മണിക്കൂറോളം ക്യൂവിൽ നിന്ന് വലഞ്ഞു. 750 വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പാസ് നൽകിയെങ്കിലും ആവശ്യത്തിന് ടാക്സി വാഹനങ്ങൾ യാത്രക്കാരെ കയറ്റാൻ എത്തിയില്ല. എട്ടു മുതൽ 11 വരെ മന്ദഗതിയിലാണ് വാഹനങ്ങളെത്തിയത്. ആയിരക്കണക്കിന് ഭക്തന്മാർ മണിക്കൂറുകളായി ക്യൂവിൽ തന്നെ നിൽക്കുമ്പോൾ പുതിയതായി എത്തിയവർ വാഹനത്തിൽ കയറി ദർശനത്തിന് പോകുന്ന സ്ഥിതിയുണ്ടായി. ഇത് ക്യൂവിൽ നിന്ന ഭക്തരുടെ പ്രതിഷേധത്തിനും നേരിയ സംഘർഷത്തിനും കാരണമായി. ഭക്തന്മാരിൽ ചിലർ പീരുമേട് തഹസിൽദാരെ വിവരം അറിയിച്ചതിനെ തുടർന്ന് അദ്ദേഹം പൊലീസിന് വേണ്ട നിർദ്ദേശം നൽകി. തുടർന്ന് പൊലീസ് ഇടപെട്ടാണ് സംഘർഷം ഒഴിവാക്കിയത്. വാഹനങ്ങൾ ലഭിക്കാതെ 13 കിലോമീറ്ററോളം നിരവധി ഭക്തർ കാൽനടയായി സഞ്ചരിച്ചു. ചെങ്കുത്തായ കയറ്റമുള്ള ദുർഘടമായ പാതയിലൂടെയുള്ള ഡ്രൈവിംഗ് ദുഷ്‌കരമായതിനാൽ പാസ് എടുത്ത വാഹനങ്ങളുടെ ഡ്രൈവർമാരിൽ വലിയൊരു വിഭാഗം തിരികെ പോയതാണ് വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമെന്നാണ് മറ്റ് ടാക്സി ഡ്രൈവർമാർ പറയുന്നത്. ഉച്ചയ്ക്ക് ശേഷം ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തരുടെ വാഹനങ്ങൾ കൊക്കരക്കണ്ടം ചെക് പോസ്റ്റിൽ പൊലീസ് തടഞ്ഞു നിരവധി പേരെ വാഹനങ്ങളിൽ നിന്ന് ഇറക്കി വിട്ടു. പ്രായമായവരടക്കമുള്ളവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. ഈ വാഹനങ്ങൾ കൊക്കരക്കണ്ടം ചെക്‌പോസ്റ്റിൽ ട്രിപ്പ് അവസാനിപ്പിക്കേണ്ടതായി വന്നു. മാത്രമല്ല ഭക്തർക്ക് കുമളിയ്ക്ക് പോകാൻ വാഹന സംവിധാനം അധികൃതർ ഒരുക്കിയില്ല. ആവശ്യത്തിന് ഓട്ടോറിക്ഷകൾക്ക് പാസ് നൽകിയിരുന്നെങ്കിൽ ഭക്തർക്ക് ഉപകാരപ്രദമാകുമായിരുന്നു.
വരും വർഷങ്ങളിലെങ്കിലും ചിത്രപൗർണമി ഉത്സവത്തിന് കുമളിയിൽ നിന്ന് മംഗളാദേവിയിൽ എത്താൻ ആവശ്യത്തിന് വാഹനങ്ങൾ മുൻകൂട്ടി അധികൃതർ ഉറപ്പാക്കണം. വനംവകുപ്പ് റോഡിന്റെ അറ്റകുറ്റപണികൾ ഉത്സവത്തിന് മുമ്പ് തീർക്കണം. ഇരു ജില്ലാ ഭരണകൂടങ്ങളും ഏകോപനത്തോടെ ക്രമീകരണങ്ങളൊരുക്കണം. ഭക്തരുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ഉത്സവത്തിന് മുമ്പും ശേഷവുമായി ഒരാഴ്ചത്തേക്ക് ദർശനം അനുവദിച്ചാൽ ഒരു പരിധി വരെ തിരക്ക് നിയന്ത്രിക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |