ശബരിമല:ഇടവമാസ പൂജയ്ക്ക് ശബരിമല നട തുറന്നു.ഇന്നലെ വൈകിട്ട് 4ന് തന്ത്രി കണ്ഠരര് രാജീവരുടെയും മകൻ കണ്ഠര് ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തിൽ മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി ജ്വലിപ്പിച്ചു. ശേഷം ഭക്തർ ദർശനം നടത്തി.ഇന്ന് പുലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും.തുടർന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ മഹാഗണപതിഹോമം. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉദയാസ്തമന പൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്കുശേഷം നടയടയ്ക്കും.വൈകിട്ട് 4ന് നടതുറക്കും.6.30ന് ദീപാരാധനയ്ക്കുശേഷം പടിപൂജയും പുഷ്പാഭിഷേകവും അത്താഴപൂജയും.ഇടവമാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നട അടയ്ക്കും.വെർച്വൽ ക്യൂ വഴിയും സ്‌പോട്ട് ബുക്കിംഗിലൂടെയും ദർശനം നടത്താം.രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനം റദ്ദുചെയ്തതോടെ 18,19 ദിവസങ്ങളിലെ വെർച്വൽ ക്യൂ ബുക്കിംഗ് പുനരാരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |