വർക്കല: അദ്വൈത വേദാന്തത്തിലും ശ്രീനാരായണ ദർശനത്തിലും പണ്ഡിതനും ആചാര്യനും എഴുത്തുകാരനും തത്വചിന്തകനുമായിരുന്ന ഗുരു നിത്യചൈത്യന്യയതിയുടെ 26-ാമത് സമാധി വാർഷിക ദിനം ഊട്ടി ഫേൺഹിൽ നാരായണ ഗുരുകുലത്തിലും വർക്കല നാരായണ ഗുരുകുലത്തിലും ഹോമം, പ്രത്യേക പ്രാർത്ഥന, സത്സംഗം എന്നിവയോടെ ആചരിച്ചു.
മഹാമണ്ഡലശ്വർ സ്വാമി ആനന്ദവനം ഭാരതി ഫേൺഹിൽ നാരായണ ഗുരുകുലത്തിൽ നടന്ന സത്സംഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഗുരുക്കന്മാരുടെ ജയന്തി-സമാധി ദിനങ്ങളിൽ ഒത്തുചേരുന്നത് ഗുരുക്കന്മാരുടെ ജീവിതത്തിൽ അവർ ചെയ്ത പ്രവർത്തനങ്ങളുടെ തുടർച്ചയായി നമുക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നതിന്റെ ഭാഗമായാണെന്ന് സ്വാമി പറഞ്ഞു. ലോകത്ത് നിലനിന്ന വ്യവസ്ഥകൾക്കപ്പുറം പോയി ലോകരെ ഗുരു നിത്യചൈത്യന്യയതി കൈപിടിച്ചുയർത്തി. സാമാന്യ ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി വന്ന് ഗുരുദർശനത്തിന്റെ മാധുര്യം പകർന്നു നല്കുന്നതിനൊപ്പം ഗുരുദർശനത്തിന്റെ ദാർശനീക വശം ഉയർത്തിപ്പിടിച്ചു. ഗുരുവായി പല പേരിൽ പല രൂപങ്ങളിൽ പല ദേശങ്ങളിൽ ജന്മമെടുത്താലും ഒരേ സത്യത്തിന്റെ തന്നെ പകർന്നാടലാണെന്നും സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ പ്രവചനം നടത്തി .ഊട്ടി നാരായണ ഗുരുകുലം കാര്യദർശി സ്വാമി വ്യാസപ്രസാദ് അദ്ധ്യക്ഷത വഹിച്ചു .അരവിന്ദ് വെങ്കിടാചലം, സ്വാമിനി ജ്യോതിർമയി ഭാരതി എന്നിവർ സംസാരിച്ചു.
വർക്കല നാരായണ ഗുരുകുലത്തിൽ സ്വാമി തന്മയയുടെ നേതൃത്വത്തിൽ ഹോമവും പ്രവചനവും നടന്നു. ഡോ.പീതാംബരൻ, ഡോ.എസ്.ഓമന ,ഗുരുകുലബന്ധുക്കൾ, അന്തേവാസികൾ എന്നിവർ ഗുരു നിത്യചൈത്യന്യയതിയെ അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |