ന്യൂഡൽഹി: ഗുരുദേവദർശനം അടിസ്ഥാനമാക്കിയാണ് ഭാരതത്തെ വികസിത രാഷ്‌ട്രമെന്ന സ്വപ്‌നത്തിലേക്ക് നയിക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുരുദേവനും ഗാന്ധിജിയും 1925ൽ ശിവഗിരിയിൽ കൂടിക്കാഴ്‌ച നടത്തിയതിന്റെ ശതാബ്‌ദി ആഘോഷം ന്യൂഡൽഹി വിജ്ഞാൻഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിനും സമൂഹത്തിനും വേണ്ടി സേവനമനുഷ്ഠിക്കുന്നവർക്ക്, ഗുരുദേവൻ വഴികാട്ടിയാണ്. ഗുരുദേവനെ ഓർത്താണ് സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരും ചൂഷിതരും പിന്നാക്കം നിൽക്കുന്നവരുമായ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രധാന തീരുമാനങ്ങൾ എടുക്കാറുള്ളത്. ഐക്യം, സമത്വം, സത്യം, സേവനം, സൽസ്വഭാവം എന്നിവയിലായിരുന്നു ഗുരുദേവന്റെ ബോദ്ധ്യം. ഇതിനെ അടിസ്ഥാനമാക്കിയാണ് സർക്കാർ 'എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം' എന്ന മുദ്രാവാക്യം ആവിഷ്‌കരിച്ചത്.
വിവേചനരഹിതമായ സമൂഹത്തിന്റെയും സ്‌ത്രീ ശാക്‌തീകരണത്തിന്റെയും പ്രാധാന്യം ഗുരു കാട്ടിത്തന്നു. അത് കേന്ദ്രസർക്കാർ പിന്തുടരുന്നു. ശാക്തീകരിക്കപ്പെട്ട ഇന്ത്യ യാഥാർത്ഥ്യമാകാൻ സാമ്പത്തിക, സാമൂഹിക, സൈനിക മേഖലകളിൽ മുൻപന്തിയിൽ തുടരണം. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറാനുള്ള പാതയിൽ ഗുരുദർശനം നിർണായകമാണ്. രാജ്യം പ്രതിസന്ധികൾ നേരിട്ടപ്പോൾ സമൂഹത്തിന് പുതിയ പാത കാണിച്ച മഹാനായ സന്യാസിയാണ് ശ്രീനാരായണഗുരു. ആത്മീയതയെ സാമൂഹിക പരിഷ്കരണത്തിനും പൊതുജനക്ഷേമത്തിനുമുള്ള മാദ്ധ്യമമാക്കി ഗുരു മാറ്റി. ഗുരുദേവൻ-ഗാന്ധിജി കൂടിക്കാഴ്‌ച സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നത്തിന് മൂർത്തമായ അർത്ഥം നൽകി. 100 വർഷങ്ങൾക്കു മുമ്പ് നടന്ന കൂടിക്കാഴ്ച ഇന്നും പ്രചോദനവും പ്രസക്തവുമാണെന്നും മോദി പറഞ്ഞു.
ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |