ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് രാജ്യമൊട്ടാകെ നാളെ 'ജയ് ഹിന്ദ് സഭ' റാലികൾ നടത്തും. മുതിർന്ന പാർട്ടി നേതാക്കൾ നേതൃത്വം നൽകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചു.എ.ഐ.സി.സി ആസ്ഥാനത്ത് ഇന്നലെ അടിയന്തരമായി ചേർന്ന യോഗത്തിലാണ് തീരുമാനം.
പ്രധാനമന്ത്രി എന്തു കൊണ്ടാണ് നിശബ്ദത പാലിക്കുന്നതെന്ന് ജയ്‌റാം രമേശ് ചോദിച്ചു..ഓപ്പറേഷൻ സിന്ദൂരിനെ രാഷ്ട്രീയവൽക്കരിക്കുന്നത് തെറ്റാണ്. സുരക്ഷാ പ്രശ്‌നങ്ങളെ പാർട്ടി ഒരിക്കലും രാഷ്ട്രീയവൽക്കരിച്ചിട്ടില്ല. മേയ് 25 ന് പ്രധാനമന്ത്രി മോദി എൻ.ഡി.എ മുഖ്യമന്ത്രിമാരെ കാണുന്നുണ്ട്. കർണാടക, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, തെലങ്കാന, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കാണാത്തത് എന്തുകൊണ്ടാണ്. അവർ എന്തു തെറ്റ് ചെയ്‌തു. ഇത് രാഷ്ട്രീയമല്ലെങ്കിൽ പിന്നെ എന്താണ്? ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്. അമേരിക്കയുടെ പങ്കിനെക്കുറിച്ച് പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രിയും എന്തു കൊണ്ട് ഉത്തരം നൽകുന്നില്ല.പാകിസ്ഥാനെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ സർവകക്ഷി യോഗം വിളിക്കണം. കഴിഞ്ഞ രണ്ട് സർവകക്ഷി യോഗങ്ങളിലും പ്രധാനമന്ത്രി മോദി പങ്കെടുത്തില്ലെന്നും ജയ്‌റാം രമേശ് പറഞ്ഞു.
തരൂരിന് തിരുത്ത്
ശശി തരൂർ എംപി കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണ് പറയേണ്ടതെന്ന് ജയ്‌റാം രമേശ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ശശി തരൂർ കേന്ദ്രസർക്കാർ അനുകൂല പ്രസ്‌താവന നടത്തിയ സാഹചര്യത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |