പാലാ: അവധിക്കാലത്ത് കൂട്ടുകാർ കളിച്ചുനടക്കുമ്പോൾ തന്നെക്കാൾ ഏറെ പ്റായമുള്ളവർക്ക് പോലും കരാട്ടെയുടെ പാഠങ്ങൾ പകർന്നുകൊടുത്ത് വിസ്മയമാവുകയാണ് പതിമൂന്നുവയസ്സുകാരൻ ഷാരോൺ സന്തോഷ്! പതിനഞ്ചുവയസുകാരൻ അലൻ മുതൽ എഴുപത്തിരണ്ടുവയസ്സുകാരൻ മേടയ്ക്കൽ തോമസ് വരെ നീളുകയാണ് ഷാരോണിന്റെ ശിഷ്യനിര.
പാലായിൽ കാരുണ്യഭവൻ ഹാളിൽ പ്റവർത്തിക്കുന്ന ഷോട്ടോകാൻ പരിശീലനകേന്ദ്റത്തിലെ മൂന്ന് പരിശീലകരിൽ ഒരാളാണ് പാലാ സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഷാരോൺ. പിതാവ് സന്തോഷ്, ഷിഹാൻ വിനോദ് ടി ഹരിപ്പാട് എന്നിവരാണ് മറ്റ് പരിശീലകർ. വേൾഡ് ഷോട്ടോകാൻ കരാട്ടെ ഡോ അസോസിയേഷനിൽ നിന്നും 2023 ൽ ബ്ലാക്ക് ബെൽറ്റ് നേടിയ ഉടൻതന്നെ ഷാരോൺ പരിശീലകന്റെ കുപ്പായം അണിഞ്ഞു തുടങ്ങിയതാണ്.
കെ.എസ്.ആർ.ടി.സി.യിൽ നിന്നും വിരമിച്ച തോമസ് കഴിഞ്ഞ മാസം മുതലാണ് ഷാരോണിന്റെ ശിഷ്യത്വം സ്വീകരിച്ച് കരാട്ടേ പരിശീലനത്തിനിറങ്ങിയത്. പതിനെട്ട് പേരെയാണിപ്പോൾ ഷാരോൺ പരിശീലിപ്പിക്കുന്നത്.
ഈ മാസം ഒടുവിൽ ഹരിപ്പാട് നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് തോമസ് ഉൾപ്പെടെയുള്ള ശിഷ്യർക്ക് കൃത്യമായ പരിശീലനം നൽകുകയാണിപ്പോൾ ഷാരോൺ.
പാലാ ടൗൺ ബസ് സ്റ്റാന്റിലെ വ്യാപാരികൂടിയായ അച്ഛൻ സന്തോഷ് മുപ്പത് വർഷം മുമ്പ് കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയ ആളാണ്. രമ്യയാണ് അമ്മ. പത്താം ക്ലാസ് വിദ്യാർത്ഥിയായ ചേട്ടൻ ഷോണും നാലാം ക്ലാസ് വിദ്യാർത്ഥിയായ അനുജൻ സിയോണും നേരത്തെ കരാട്ടെ അഭ്യസിച്ചിരുന്നു.
കൂട്ടുകാരൊക്കെ അവധിക്കാലത്ത് അമ്മവീട്ടിൽ പോവുകയും കളിച്ചുനടക്കുകയുമൊക്കെ ചെയ്യുന്നത് എന്നെ അറിയിക്കാറുണ്ട്. പക്ഷെ അതിനേക്കാളൊക്കെ എനിക്ക് താത്പര്യം കരാട്ടെ പരിശീലിക്കാനും പരിശീലിപ്പിക്കാനുമാണ്. ഇപ്പോൾ മുതർന്നവർക്കുൾപ്പെടെ ക്ലാസെടുക്കുന്നതും ആവേശമാണ്.
ഷാരോൺ
72 വയസ്സുകാരനായ റിട്ട. കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥൻ മേടയ്ക്കൽ തോമസിനെ കരാട്ടെ പരിശീലിപ്പിക്കുന്ന 13 വയസ്സുകാരൻ ഷാരോൺ സന്തോഷ്. ഷാരോണിന്റെ അച്ഛൻ സന്തോഷ് സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |