തിരുവനന്തപുരം:പി.എസ്.സി.അംഗങ്ങളുടെ പെൻഷനിൽ വീണ്ടും വർദ്ധനയ്ക്ക് അവസരമൊരുക്കി സർക്കാർ ഉത്തരവ്.ഇതോടെ, വർദ്ധിപ്പിച്ച ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വർദ്ധിപ്പിച്ച പെൻഷനു പുറമെ സർക്കാർ സർവ്വീസിലെ സേവനകാലം കൂടി പരിഗണിച്ച് പെൻഷൻ വീണ്ടും വർദ്ധിക്കും.
നേരത്തെയുണ്ടായിരുന്ന നിയമപ്രകാരം സർക്കാർ ജീവനക്കാർ പി.എസ്.സി.അംഗമായാൽ അവർ പിഎസ്.സി.പെൻഷനിലോ, സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന പെൻഷനിലോ ഒന്ന് മാത്രമേ തിരഞ്ഞെടുക്കാൻ കഴിയു. ഇനി മുതൽ സർക്കാർ ജീവനക്കാരായിരുന്നവർ പി.എസ്.സി. അംഗമായാൽ സർക്കാർ സർവ്വീസ് കാലഘട്ടം കൂടി കണക്കാക്കി പെൻഷൻ നൽകും. ആവശ്യപ്പെടുന്ന എല്ലാവർക്കും ഈ രീതിയിൽ പെൻഷൻ അനുവദിച്ച് നൽകാനാണ് ഉത്തരവ്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.കടുത്ത സാമ്പത്തിക ബാധ്യതയാകും സർക്കാരിനുണ്ടാവുക.
മുൻപ് , പി.എസ്.സി.അംഗമായിരുന്ന ആളുകൾക്ക് ലഭിക്കുന്നതിനെക്കാൾ കൂടുതൽ പെൻഷൻ ഉയർന്ന പോസ്റ്റിൽ കൂടുതൽ കാലം സർക്കാർ ജീവനക്കാരായി ജോലി ചെയ്തവർക്ക് ലഭിക്കുമായിരുന്നു. അതിനാൽ പി.എസ്.സി. അംഗമായാലും പലരും പി.എസ്.സി.പെൻഷന് പകരം സർവ്വീസ് പെൻഷൻ തിരഞ്ഞെടുത്തു.എന്നാൽ ഇപ്പോൾ പി.എസ്.സി.ചെയർമാന്റെ ശമ്പളം 3.87ലക്ഷവും അംഗത്തിന്റെ ശമ്പളം 3.80ലക്ഷവുമായി വർദ്ധിപ്പിച്ചു.ചെയർമാന്റെ പെൻഷൻ രണ്ടര ലക്ഷവും അംഗങ്ങളുടേത് രണ്ടേ കാൽ ലക്ഷവുമാണ് നിശ്ചയിച്ചിരുന്നത്.ഇതോടെ സർക്കാർ സർവീസിലുണ്ടായിരുന്നതിനേക്കാൾ ഉയർന്ന പെൻഷൻ പി.എസ്.സി. അംഗമെന്ന നിലയിൽ ലഭിക്കുന്ന സ്ഥിതിയായി.പുതിയ ഉത്തരവ് കൂടി വന്നതോടെ സർക്കാർ ജീവനക്കാരനായ ശേഷം പി.എസ്.സി.അംഗമായ ആൾക്ക് ഇതിലും ഉയർന്ന പെൻഷൻ ലഭിക്കും.
മുൻ പി.എസ്.സി.അംഗങ്ങളായ പി.ജമീല,ഡോ.ഗ്രീഷ്മ മാത്യു,ഡോ.കെ.ഉഷ എന്നിവർ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലുള്ള ഹൈക്കോടതി വിധിയെ തുടർന്നാണ് സർക്കാർ ഉത്തരവ്.പരാതിക്കാർ ആദ്യം സർക്കാർ സർവീസിലെ പെൻഷനുള്ള ഓപ്ഷനാണ് നൽകിയിരുന്നത്.എന്നാൽ പി.എസ്.സിയിൽ ഉയർന്ന പെൻഷൻ ലഭിക്കുന്ന ഘട്ടത്തിൽ അത് ലഭിക്കണമെന്ന് അവർ സർക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലെ നിയമങ്ങൾ അനുസരിച്ച് അത് സാധ്യമല്ലെന്നും ഉയർന്ന പെൻഷൻ നൽകാൻ കഴിയില്ലെന്നും സർക്കാർ അറിയിച്ചു. ഇതിനെത്തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.കോടതി അനുകൂല വിധി നൽകി. എന്നാൽ സർക്കാർ പെൻഷൻ മാറ്റി നൽകുന്നതിന് പകരം ഒരു പടി കൂടി കടന്ന് സർക്കാർ സർവ്വീസ് കാലഘട്ടം കൂടി കണക്കാക്കി പെൻഷൻ നൽകാനാണ് ഉത്തരവ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |