ജമ്മുകാശ്മീർ: കാശ്മീരിൽ ഭീകരവാദികളെ തുടച്ചുനീക്കാനുള്ള നടപടികളുമായി മുന്നേറുന്ന സൈന്യം മൂന്ന് ഭീകരരെക്കൂടി വധിച്ചു. പുൽവാമാ ജില്ലയിലെ നാദിർ ഗ്രാമത്തിൽ ഇന്നുപുലർച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവരെ വധിച്ചത്. 48 മണിക്കൂറിനിടെ ജമ്മുകാശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജയ്ഷെ മുഹമ്മദ് പ്രവർത്തകരാണ് കൊല്ലപ്പെട്ടവരെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് സൈന്യം തിരച്ചിൽ നടത്തുന്നുണ്ട്.
ചൊവ്വാഴ്ച പുലർച്ചെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്നുഭീകരരിൽ രണ്ടുപേർ ഷോപ്പിയാനിലെ താമസക്കാരായ ഷാഹിദ് കുട്ടായി, അദ്നാൽ ഷാഫി എന്നിവരാണെന്ന് വ്യക്തമായിട്ടുണ്ട്. 2023 ൽ ലഷ്‌കറിൽ ചേർന്ന ഷാഹിദിന് നിരവധി അക്രമസംഭവങ്ങളിൽ വ്യക്തമായ പങ്കുണ്ടെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞവർഷം മേയിൽ ഷോപ്പിയാനിലെ ഹീർപോരയിൽ ബിജെപി സർപഞ്ചിനെ കൊലപ്പെടുത്തിയ കേസിലും ഇയാൾക്ക് പങ്കുണ്ട്.
അദ്നാൽ ഷാഫി കഴിഞ്ഞവർഷമാണ് ലഷ്കറിൽ ചേർന്നത്. ഷോപ്പിയാനിലെ വാച്ചിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തിലും ഇയാൾക്ക് പ്രധാന പങ്കുണ്ട്. കൊല്ലപ്പെട്ട മൂന്നാമനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. ഇവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
പഹൽഗാമിലെ ആക്രമണത്തിനുശേഷം ഭീകരർക്കെതിരെയുള്ള നടപടി സൈന്യം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തുനിന്ന് ഭീകരതയെ എന്നെന്നേക്കുമായി കെട്ടുകെട്ടിക്കാനുള്ള നീക്കമാണ് സൈന്യം സ്വീകരിച്ചുവരുന്നത്. പഹൽഗാം സംഭവത്തോടെ കാശ്മീരിലെ ജനങ്ങൾക്ക് ഭീകരരോടും അവരെ പിന്തുണയ്ക്കുന്ന പാകിസ്ഥാനോടുമുള്ള എതിർപ്പ് കൂടുതൽ ശക്തമായിട്ടുണ്ട്. ഇത് ഭീകരവിരുദ്ധപോരാട്ടത്തിന് കൂടുതൽ ശക്തിപകരുമെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |