പവൻ വില 1,560 രൂപ ഇടിഞ്ഞ് 68,880 രൂപയിൽ
കൊച്ചി: ആഗോള രാഷ്ട്രീയ, വ്യാപാര സംഘർഷങ്ങൾ മയപ്പെട്ടതോടെ സ്വർണ വില മൂക്കുകുത്തി. രാജ്യാന്തര വിപണിയിൽ വില ഔൺസിന് 3,170 ഡോളറിലേക്ക് താഴ്ന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ സ്വർണ വില പവന് 1,560 രൂപ കുറഞ്ഞ് 68,880 രൂപയിലെത്തി. ഗ്രാമിന്റെ വില 195 രൂപ ഇടിവോടെ 8,610 രൂപയിലെത്തി. 24 കാരറ്റ് തനിത്തങ്കത്തിന്റെ വില കിലോഗ്രാമിന് 95 ലക്ഷം രൂപയിലേക്ക് താഴ്‌ന്നു. അമേരിക്കയിലെ ഇറക്കുമതി തീരുവ വർദ്ധനയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലപാട് തിരുത്തുന്നതാണ് സ്വർണത്തിലേക്ക് നിക്ഷേപം ഒഴുക്ക് കുറച്ചത്. വ്യാപാര യുദ്ധ ഭീഷണി അവസാനിക്കുന്നുവെന്ന സൂചനയാണ് വിപണിയിലുള്ളത്.
ഇതോടെ വൻകിട ഫണ്ടുകളും വിവിധ കേന്ദ്ര ബാങ്കുകളും സ്വർണം വിറ്റുമാറി. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണ് കഴിഞ്ഞ മാസങ്ങളിൽ സ്വർണത്തിലേക്ക് വൻതോതിൽ നിക്ഷേപം ഒഴുകിയെത്തിയത്. യൂറോപ്യൻ യൂണിയന് ശേഷം ചൈനയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളുമായി അമേരിക്ക വ്യാപാര കരാർ ഒപ്പുവക്കാനൊരുങ്ങുകയാണ്. ഇതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്ന് ഡോളറിലേക്ക് പണം മാറ്റുകയാണ്.
റെക്കാഡിൽ നിന്ന് 5,440 രൂപയുടെ ഇടിവ്
ഏപ്രിൽ 22ന് രേഖപ്പെടുത്തിയ റെക്കാഡ് വിലയായ 74,320 രൂപയിൽ നിന്ന് ഇതുവരെ 5,440 രൂപയുടെ ഇടിവാണ് പവൻ വിലയിലുണ്ടായത്. രാജ്യാന്തര വിപണിയിലും വിലയിൽ പത്ത് ശതമാനത്തിനടുത്ത് വിലയിടിവുണ്ടായി. ലോകമെമ്പാടുമുള്ള ഓഹരി, കടപ്പത്ര വിപണികൾ മികച്ച മുന്നേറ്റം കാഴ്ച വെക്കുന്നതിനാൽ സ്വർണ വില വരും ദിവസങ്ങളിലും ഇടിഞ്ഞേക്കും.
വിലത്തകർച്ചയ്ക്ക് പിന്നിൽ
1. അമേരിക്കയും ചൈനയുമായി വ്യാപാര തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള നീക്കം ശക്തമായതോടെ നിക്ഷേപകരുടെ ആശങ്ക അകലുന്നു
2. സുരക്ഷിത നിക്ഷേപമായ സ്വർണത്തിൽ നിന്ന് പണം പിൻവലിച്ച് വൻകിട ഫണ്ടുകൾ ഓഹരികളിലും ബോണ്ടുകളിലും ഡോളറിലും സജീവമാകുന്നു
3. ഇന്ത്യയും പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടൽ അവസാനിച്ചതോടെ നിക്ഷേപകർക്ക് വിശ്വാസം ഏറുന്നു
4. അമേരിക്കയിൽ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിനാൽ തിരക്കിട്ട് പലിശ കുറയ്ക്കില്ലെന്ന് വിലയിരുത്തൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |