തിരുവനന്തപുരം: മോഹിച്ച് വാങ്ങിയ സ്വർണമാല ആൾക്കൂട്ടത്തിൽ നഷ്ടമായ വേദന, ലക്ഷ്മിക്ക് താങ്ങായി കായികമന്ത്രി വി. അബ്ദുറഹിമാൻ. മാലയില്ലാതെ വീട്ടിലേക്ക് മടങ്ങാൻ ധൈര്യമില്ലാതെ പൊട്ടിക്കരഞ്ഞ ലക്ഷ്മിക്ക് മന്ത്രിയുടെ ആശ്വാസവാക്കുകൾ താങ്ങായി. പക്ഷേ പിന്നീട് തന്നെത്തേടിയെത്തിയ മന്ത്രിയുടെ സമ്മാനം അവളെ ഞെട്ടിച്ചു. മന്ത്രി സമ്മാനിച്ച സ്വർണമാല അണിയുമ്പോൾ ഇത് സ്വപ്നമോ സത്യമോ എന്ന സംശയത്തിലാണ് ലക്ഷ്മി.
കായികവകുപ്പിന്റെ ലഹരിവിരുദ്ധ യാത്രയിൽ പങ്കെടുക്കാനാണ് യൂണിവേഴ്സിറ്റി കോളേജിലെ പൊളിറ്റിക്കൽ സയൻസ് ബിരുദവിദ്യാർത്ഥിയും പിരപ്പൻകോട് ചാമ്പ്യൻസ് കരാട്ടെക്ളബ് അംഗവുമായ ലക്ഷ്മി സെൻട്രൽ സ്റ്റേഡിയത്തിലെത്തിയത്. കരാട്ടെ ഇൻസ്ട്രക്ടറും കെ.എസ്.ആർ.ടി.സി വെഞ്ഞാറമൂട് ഡിപ്പോയിലെ കണ്ടക്ടറുമായ അച്ഛൻ വിമൽകുമാർ ലക്ഷ്മിക്കൊപ്പമുണ്ടായിരുന്നെങ്കിലും പരിപാടിക്കു മുൻപ് അദ്ദേഹം മടങ്ങിയിരുന്നു.
റാലി സെൻട്രൽ സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് 5 ഗ്രാമിന്റെ മാല നഷ്ടമായെന്നറിഞ്ഞത്. പതിനായിരങ്ങൾ പങ്കെടുക്കുന്ന പരിപാടിയാണ്. മാല കിട്ടാനുള്ള സാദ്ധ്യത വിരളം. നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ ലക്ഷ്മിയെ വേദിയിലുണ്ടായിരുന്ന മന്ത്രി അബ്ദുറഹിമാൻ അടുത്തുവിളിച്ച് ആശ്വസിപ്പിച്ചു. മാലകിട്ടുമെന്നും വീട്ടിലേക്ക് മടങ്ങണമെന്നും താൻ അച്ഛനെ വിളിക്കാമെന്നും പറഞ്ഞ് ധൈര്യം നൽകി.
പട്ടത്തെത്തിയപ്പോൾ മന്ത്രിയുടെ പിൻവിളി
ലക്ഷ്മി പട്ടത്തെത്തിയപ്പോൾ വേഗം സ്റ്റേഡിയത്തിൽ എത്തണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ വിളിയെത്തി. കൂട്ടുകാർക്കൊപ്പം മടങ്ങിയെത്തുമ്പോൾ മന്ത്രി കാത്തുനില്പുണ്ടായിരുന്നു. മാല വാങ്ങി മടങ്ങിയാൽ മതിയെന്ന് പറഞ്ഞ അദ്ദേഹം പേഴ്സണൽ സ്റ്രാഫിനെക്കൂട്ടി ലക്ഷ്മിയെ ഭീമാ ജുവലറിയിലേക്കയച്ചു. നഷ്ടപ്പെട്ട മാലയുടെ അതേ ഫാഷൻ നൽകണമെന്നും നിർദ്ദേശിച്ചു. എന്നാൽ പോത്തൻകോട്ടുള്ള ഷോറൂമിലേ അതുള്ളൂ എന്നറിയിച്ച ജുവലറി അവിടെ നിന്ന് മാല ഏർപ്പാടാക്കി. മന്ത്രി തിരുവനന്തപുരത്ത് പണമടച്ചു. പോത്തൻകോട്ടെത്തിയ ലക്ഷ്മി മാലയുമായി വീട്ടിലേക്ക് മടങ്ങി. കരാട്ടെ ബ്ളാക് ബെൽറ്റായ ലക്ഷ്മി പരിശീലകയുമാണ്.
'പബ്ളിസിറ്റിയോട് താത്പര്യമില്ല. ആ കുട്ടിയുടെ വിഷമം മനസിനെ സ്പർശിച്ചതുകൊണ്ട് ചെയ്തതാണ്".
- മന്ത്രി വി. അബ്ദുറഹിമാൻ, കായികമന്ത്രി
'അദ്ദേഹത്തിന്റെ കരുതലാണ് മനസ് നിറച്ചത്. അദ്ദേഹം ചേർത്തുപിടിച്ചില്ലായിരുന്നെങ്കിൽ മകൾ എന്തെങ്കിലും കടുംകൈ ചെയ്യുമായിരുന്നോ എന്നുപോലും ഭയം തോന്നുന്നു".
- വിമൽ കുമാർ, ലക്ഷ്മിയുടെ അച്ഛൻ
'ഇങ്ങനെയൊരു കരുതൽ ഒരിക്കലും പ്രതീക്ഷിച്ചില്ല. മാല കളഞ്ഞുപോയപ്പോൾ അദ്ദേഹം സമാധാനിപ്പിക്കുന്നു എന്നതിനപ്പുറം എന്റെ നഷ്ടം നികത്തുമെന്ന് പ്രതീക്ഷിച്ചില്ല. കൂടുതൽ പറയാനെനിക്ക് വാക്കുകളില്ല".
- ലക്ഷ്മി വി.ആർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |