കൽപ്പറ്റ: വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ. എമറാൾഡ് ടെന്റ് ഗ്രാം റിസോർട്ടിന്റെ മാനേജർ കെ പി സ്വച്ഛന്ദ്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
തൊള്ളായിരം കണ്ടിയിലെ റിസോർട്ടിലെ ടെന്റ് തകർന്നുവീണ് ഇന്നലെയാണ് വിനോദ സഞ്ചാരിയായ നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മ മരിച്ചത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഒരു സുരക്ഷയും ഇല്ലാത്ത ടെന്റാണ് തകർന്നുവീണത്. ദ്രവിച്ച മരത്തടികൾ കൊണ്ടാണ് ടെന്റ് ഉണ്ടാക്കിയത്.
നിഷ്മയടക്കം 16 അംഗ സംഘമാണ് റിസോർട്ടിൽ എത്തിയത്. സ്ഥലത്ത് പെയ്ത കനത്ത മഴയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മഴയിലാണ് ടെന്റ് തകർന്ന് വീണതെന്നും ടെന്റിൽ ആവശ്യത്തിന് സുരക്ഷ ഉണ്ടായിരുന്നുവെന്നുമാണ് റിസോർട്ട് മാനേജർ ഇന്നലെ പറഞ്ഞത്.
മൂന്ന് വർഷത്തിനിടെ നാല് മരണം
അനധികൃത ടൂറിസം പ്രവർത്തനങ്ങളെ തുടർന്ന് മേപ്പാടിയിൽ മൂന്ന് വർഷത്തിനിടെ നാല് പേരാണ് മരിച്ചത്. എളമ്പലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വടകര സ്വദേശി ഷഹാന (26) കൊല്ലപ്പെട്ടിരുന്നു. 2022 ജനുവരി 22 ന് രാത്രിയിലായിരുന്നു സംഭവം. എളംബലേരിയിലെ റൈൻ ഫോറസ്റ്റ് ടെന്റ് ഗ്രാമിൽ ടെന്റിൽ കഴിയുകയായിരുന്ന ഷഹാന രാത്രിയിൽ പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. യാതൊരു സുരക്ഷാക്രമീകരണങ്ങളും ഒരുക്കാതെയാണ് ഇവിടെ റിസോർട്ട് പ്രവർത്തിച്ചിരുന്നത്.
അതിനുശേഷം 2023 ഡിസംബർ 30 ന് കള്ളാടി 900 കണ്ടിയിൽ ഇന്നലെ അപകടമുണ്ടായ അതേ റിസോർട്ടിൽ വിനോദസഞ്ചാരത്തിന് എത്തിയ തമിഴ്നാട് സ്വദേശി യുവ ഡോക്ടർ പാറയിൽ നിന്ന് വീണ് മരിച്ചിരുന്നു. അനധികൃതമായി ട്രക്കിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം.
ഇതേ കാലയളവിൽ തന്നെ കൊല്ലം സ്വദേശിയായ വിദ്യാർത്ഥി ചൂരൽമല റാട്ടപ്പാടിക്ക് സമീപത്തെ പുഴയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു. കള്ളാടി തൊള്ളായിരം കണ്ടിയിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ വിദ്യാർത്ഥിയായിരുന്നു അപകടത്തിൽപ്പെട്ടത്. ഏറ്റവും ഒടുവിലാണ് ഷെഡ് തകർന്നുവീണ് യുവതി മരണപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |