കൊച്ചി: സി ഐ എസ് എഫ് ഉദ്യോഗസ്ഥർ കൊലപ്പെടത്തിയ അങ്കമാലി തുറവൂർ ആരിശേരിൽ വീട്ടിൽ ജിജോ ജെയിംസിന്റെ മകൻ ഐവിൻ ജിജോ (24) യുടെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് 2.30ന് തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിലാണ് സംസ്‌കാരം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ രാത്രിയാണ് ഐവിന്റെ മൃതദേഹം തുറവൂരിലെ വീട്ടിലെത്തിച്ചത്.
തലയ്‌ക്കേറ്റ പരിക്കുമൂലമാണ് ഐവിൻ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. വിമാനത്താവളത്തിലെ സി ഐ എസ് എഫ് എസ് ഐ ഉത്തർപ്രദേശ് സ്വദേശി വിനയകുമാർ ദാസും കോൺസ്റ്റബിൾ ബിഹാർ സ്വദേശി മോഹനുമാണ് പ്രതികൾ.
കൊലപാതകക്കുറ്റമുൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ മോഹൻകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നാട്ടുകാരുടെ കൈയേറ്റത്തിൽ പരിക്കേറ്റ വിനയകുമാറിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി പത്തിന് നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം നായത്തോടായിരുന്നു സംഭവം. പ്രതികൾ മദ്യലഹരിയിലായിരുന്നു. സി ഐ എസ് എഫുകാരുടെ കാറിനെ യുവാവ് മറികടക്കുന്നതിനിടെ കാറുകൾ ഉരസി. അസഭ്യം പറഞ്ഞശേഷം വിനയകുമാർ ദാസ് കാർ റിവേഴ്സ് എടുത്ത് തിരിച്ചുപോകാൻ ശ്രമിക്കവേ ഐവിൻ മുന്നിൽ കയറി നിന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.
പൊലീസിനെ വിളിക്കുമെന്നും പൊലീസ് വന്നിട്ടു പോയാൽ മതിയെന്നും പറഞ്ഞു. ഇതിനിടെയാണ് കാർ വേഗതയിൽ മുന്നോട്ടെടുത്ത് ഐവിനെ ഇടിച്ചതും മുന്നോട്ടു പാഞ്ഞതും. ഒന്നര കിലോമീറ്റർ അകലെ കപ്പേള റോഡിലെ സെന്റ് ജോൺസ് ചാപ്പലിന് സമീപം വരെ ബോണറ്റിൽ പിടിച്ചുകിടന്ന് അപേക്ഷിച്ചെങ്കിലും നിറുത്തിയില്ല. ഇവിടെയെത്തിയപ്പോൾ കാർ പെട്ടെന്ന് ബ്രേക്കിടുകയായിരുന്നു. റോഡിൽ വീണിട്ടും 15 മീറ്ററോളം ചക്രത്തിനടിയിലൂടെ നിരക്കിയ ശേഷമാണ് നിറുത്തിയത്. ദേഹമാകെ പരിക്കേറ്റ ഐവിൻ തൽക്ഷണം മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |