പഹൽഗാം ഭീകരാക്രമത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയപ്പോൾ മുട്ടിടിച്ച് വീണത് പാകിസ്ഥാനാണെങ്കിലും ഇപ്പോൾ ശരിക്കും വിറച്ചുകൊണ്ടിരിക്കുന്നത് ചൈനയാണ്. ലോകത്തിലെ വമ്പൻ എന്ന പട്ടം കൈപ്പിടിയിലാക്കാൻ സാക്ഷാൽ ട്രംപിനോടുപോലും കൊമ്പുകോർത്ത് മുന്നേറിക്കൊണ്ടിരുന്ന ചൈന ഇന്ത്യയ്ക്കുമുന്നിൽ ചീട്ടുകൊട്ടാരംപോലെ തകർന്നുവീഴുകയായിരുന്നു. നേരിട്ടല്ല ചൈനയെ ഇന്ത്യ തറപറ്റിച്ചത്. പക്ഷേ, അത് അപ്രതീക്ഷിതവും അതി മാരകവുമായിപ്പോയി എന്നുമാത്രം.
വെറും ഉമ്മാക്കി
ചൈനയിൽ ഇല്ലാത്തത് ഒന്നുമില്ല. അച്ഛനമ്മമാർക്കുപോലും ഡ്യൂപ്ലിക്കേറ്റുണ്ടാവും എന്ന് തമായശയായി പലരും പറയാറുണ്ട്. ചൈനീസ് സാധനങ്ങൾ കണ്ടാൽ ഗംഭീരമെന്ന് തോന്നും. പക്ഷേ, ഉപയോഗിച്ചാൽ അത് വെറും 'ശൂ' ആണെന്ന് മനസിലാകും എന്നാണ് ഈ തമാശ അർത്ഥമാക്കുന്നത്. ഓപ്പറേഷൻ സിന്ദൂർ കഴിഞ്ഞപ്പോൾ ഇക്കാര്യം ശരിക്കും ബോദ്ധ്യപ്പെട്ടു. ചൈന എക്കാലത്തെയും തങ്ങളുടെ അടുപ്പക്കാരായ പാകിസ്ഥാന് നൽകിയ ആയുധങ്ങൾക്കും സാങ്കേതിക വിദ്യകൾക്കും ഇന്ത്യക്ക് ചെറിയൊരു ഭീഷണി ഉയർത്താൻപോലും കഴിഞ്ഞില്ല. ഇന്ത്യയുടെ തിരിച്ചടികൾ തടുക്കാനാവാതെ പാകിസ്ഥാൻ കുഴങ്ങിയതും വെടിനിറുത്തലിന് ഇന്ത്യയുടെ കാലുപിടിച്ചതിനും പിന്നിലെ കാരണങ്ങളിലൊന്ന് ഇതുതന്നെയായിരുന്നു.
അനുമതിയില്ലാതെ ഒരു ഈച്ചപോലും അതിർത്തികടന്നാൽ ആ നിമിഷം അത് തിരിച്ചറിയുമെന്നും ഏതുതരത്തിലുള്ള ആക്രമണത്തെയും ചെറുക്കും എന്നും വീരവാദം മുഴക്കിയാണ് ചൈന പാകിസ്ഥാന് വ്യോമപ്രതിരോധ സംവിധാനം നൽകിയത്. ഇന്ത്യൻ അതിർത്തിയിലുൾപ്പെടെ വിന്യസിച്ചിരുന്നത് ഇതായിരുന്നു. പക്ഷേ, ഇന്ത്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ ഇതിനൊന്നുമായില്ല. മാത്രമല്ല തന്ത്രപ്രധാന സ്ഥലങ്ങളിലേതുൾപ്പെടെയുളള പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ തകർക്കുകയും ചെയ്തു.
ആ ബുദ്ധിയും പൊളിഞ്ഞു
ആയുധങ്ങൾ ഉൾപ്പെടെ എല്ലാത്തരത്തിലുള്ള സഹായവും പാകിസ്ഥാന് ചൈന നൽകിയെങ്കിലും ഒരിക്കൽപ്പോലും അവർ അത് തുറന്നുസമ്മതിച്ചിട്ടില്ല. ഇതിനുപിന്നിൽ വ്യക്തമായ ചില കാരണങ്ങൾ ഉണ്ടെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ചൈനീസ് ആയുധങ്ങളുടെയും സാങ്കേതിക വിദ്യയുടെയും ഏറ്റവും വലിയ ഉപഭോക്താക്കൾ പാകിസ്ഥാൻ തന്നെയാണ്. ഇന്ത്യയുമായുളള കടുത്ത ശത്രുത ചൈനീസ് ആയുധങ്ങൾ വാങ്ങിക്കൂട്ടാൻ പാകിസ്ഥാനെ പ്രേരിപ്പിക്കുകയായിരുന്നു. തങ്ങൾ നൽകിയ ആയുധങ്ങൾക്ക് എത്രത്തോളം പ്രവർത്തന ക്ഷമതയുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കേണ്ടത് ചൈനയുടെ ആവശ്യംകൂടിയായിരുന്നു. പഹൽഗാം ആക്രമണത്തിനെത്തുടർന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകിയ ഇന്ത്യയ്ക്കുനേരെ പാകിസ്ഥാൻ ആക്രമിക്കാൻ മുതിർന്നപ്പോൾ ആ അവസരത്തെ തങ്ങളുടെ ആയുധങ്ങളുടെ ശക്തി ലോകത്തിനുമുന്നിൽ തെളിയിക്കാനുളള സന്ദർഭമായാണ് ചൈന കണ്ടത്.
പ്രതിരോധത്തെ തകർത്ത് ഇന്ത്യയ്ക്കുള്ളിൽ പാകിസ്ഥാൻ ശക്തമായ ആക്രമണങ്ങൾ നടത്തിയിരുന്നുവെങ്കിൽ അത് തങ്ങളുടെ ആയുധങ്ങളുടെ മികവായി ചൈന എടുത്തുകാട്ടിയേനെ. അതിലൂടെ ആയുധ കമ്പോളത്തിലെ മേധാവിത്വം അവർ പിടിച്ചെടുക്കുകയും ചെയ്യുമായിരുന്നു. പാകിസ്ഥാന് പുറമേ ചില ആഫ്രിക്കൻ രാജ്യങ്ങൾക്കും ചൈന ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും വിൽക്കുന്നുണ്ട്. കൂടുതൽ രാജ്യങ്ങളിലേക്ക് തങ്ങളുടെ ആയുധങ്ങൾ എത്തിക്കുകയും അതിലൂടെ സമ്പത്ത് വർദ്ധിപ്പിക്കാനാവുമെന്നും ചൈന മനക്കോട്ട കെട്ടിയിരുന്നു. പക്ഷേ, ചൈനയുടെ അത്തരത്തിലുളള എല്ലാ സ്വപ്നങ്ങളുയും ഇന്ത്യ തച്ചുതകർത്തു.
ഇന്ത്യൻ പരീക്ഷണം വൻ വിജയം
ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളെ വെല്ലാൻ ലോകത്ത് മറ്റൊരു ശക്തിയും ഇല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു യഥാർത്ഥത്തിൽ ഓപ്പറേഷൻ സിന്ദൂർ. പാകിസ്ഥാനെതിരെ ഇന്ത്യ പ്രയോഗിച്ചതിൽ അധികവും ബ്രഹ്‌മോസ് പോലെ ഇന്ത്യ സ്വയം വികസിപ്പിച്ച ആയുധങ്ങളായിരുന്നു. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങൾക്കുനേരെയും മറ്റും പാകിസ്ഥാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ഞൊടിയിടകൊണ്ടാണ് ഇന്ത്യ തകർത്ത് തരിപ്പണമാക്കിയത്.
ഇതിനൊപ്പം പാക് കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണങ്ങൾ നടത്താനും കഴിഞ്ഞു. ചൈനയിൽ നിന്ന് കോടികൾ മുടക്കി പാകിസ്ഥാൻ വാങ്ങിയ വ്യോമപ്രതിരോധ സംവിധാനത്തെ നോക്കുകുത്തിയാക്കിയായിരുന്നു ആക്രമണങ്ങളെല്ലാം. എല്ലാം ലക്ഷ്യത്തിലെത്തുകയും ചെയ്തു. യുദ്ധ സാഹചര്യത്തിൽ ഇന്ത്യൻ സാങ്കേതിക വിദ്യ എത്രത്തോളം ഫലപ്രദമാണെന്ന് വ്യക്തമായതോടെ ബ്രഹ്‌മോസ് ഉൾപ്പെടെയുള്ള ആയുധങ്ങൾക്ക് ആവശ്യക്കാർ ഏറിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |