ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് ഭീകരത ലോകത്തിന് മുന്നിൽ തുറന്നു കാട്ടാൻ വിവി ധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു.
പാകിസ്ഥാനിൽ നിന്ന് ഉയർന്നു വരുന്ന ഭീകരതയെ കുറിച്ച് അന്താരാഷ്ട്ര സമൂഹത്തെ ബോദ്ധ്യപ്പെടുത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഈ സംരംഭത്തിലെ ഒരു പ്രതിനിധി സംഘത്തെ കോൺഗ്രസ് നേതാവ് ശശി തരൂർ നയിക്കും. കേന്ദ്രസർക്കാരിന്റെ ക്ഷണം ശശി തരൂർ സ്വീകരിച്ചു. യു.എസ്, യു.കെ എന്നിവിടങ്ങളിൽ ആയിരിക്കും തരൂർ ഉൾപ്പെടുന്ന സംഘം പര്യടനം നടത്തുക. കേന്ദ്ര അതിർത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ സഖ്യം കെട്ടിപ്പടുക്കുന്നതിനാണ് സർക്കാരിന്റെ ശ്രമം. ഇതിനായി പ്രതിപക്ഷ പാർട്ടികളുമായി സർക്കാർ ചർച്ച നടത്തുന്നുണ്ട്. പ്രതിനിധി സംഘത്തിന്റെ ഘടനയും സമയ്രമവും അന്തിമമാക്കുന്നതിന് മുമ്പ് എല്ലാവരുമായി ധാരണയിലെത്താനാണ് സർക്കാരിന്റെ നീക്കം
ഓപ്പറേഷൻ സിന്ദൂറിന്റെ ആവശ്യകതയെയും പ്രത്യാഘാതങ്ങളെയും കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് പങ്കുവയ്ക്കുന്നതിന് വിദേശ രാജ്യങ്ങളുമായും ആഗോള പ്രമുഖരുമായും മാദ്ധ്യമങ്ങളുമായും പ്രതിനിധി സംഘം ആശയവിനിമയം നടത്തും.
ഈ പരിപാടിയുടെ ഭാഗമാകുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് ദേശീയ താത്പര്യത്തിനൊപ്പമാണെന്നും ദേശീയതയെ രാഷ്ട്രീയവത്കരിക്കുന്ന ബി.ജെ.പി നിലപാടിനെയാണ് എതിർക്കുന്നതെന്നും കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ചതായും ജയറാം രമേഷ് വ്യക്തമാക്കി. ഏപ്രിൽ 22ന് കാശ്മീരിലെ പഹൽഗാമിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേർ മരിച്ചിരുന്നു. ഇതിന് തിരിച്ചടിയായി മേയ് ഏഴിന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന്റെ ഒൻപത് ഭീകരകേന്ദ്രങ്ങളും നൂറിലധികം ഭീകരരെയും കൊലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |