കോട്ടയം: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയിൽ എയർ ഇന്ത്യയ്ക്ക് 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് പരാതിക്കാരൻ. ജോലി സംബന്ധമായ മെഡിക്കൽ പരിശോധനയ്ക്കായി ഇദ്ദേഹം 2023 ജൂലായ് 23 ന് മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് രാവിലെ 5.30 നുള്ള എയർ ഇന്ത്യ വിമാനം ബുക്ക് ചെയ്തിരുന്നു. എന്നാൽ വിമാനം റദ്ദാക്കിയ വിവരം പരാതിക്കാരനെ അറിയിച്ചില്ല. തുടർന്ന് രാത്രി 8.32 നുള്ള വിമാനമാണ് ലഭിച്ചത്. മെഡിക്കൽ പരിശോധനകളിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ കപ്പലിലേയ്ക്കുള്ള ജോലി നഷ്ടപ്പെട്ടു. എയർ ഇന്ത്യയുടെ അശ്രദ്ധ മൂലം പരാതിക്കാരൻ നേരിട്ട നഷ്ടത്തെക്കുറിച്ചും അതിന്റെ നഷ്ടപരിഹാരത്തെക്കുറിച്ചും കസ്റ്റമർ കെയർ മെയിൽ ഐ.ഡി വഴി എയർലൈനുമായി ബന്ധപ്പെട്ടെങ്കിലും അനുകൂലമായ മറുപടി ലഭ്യമാകാത്തതിനെ തുടർന്നാണ് ഉപഭോക്തൃതർക്ക പരിഹാര ഫോറത്തെ സമീപിച്ചത്. വിമാനം റദ്ദാക്കിയതിനെക്കുറിച്ച് പരാതിക്കാരനെ അറിയിച്ചതിന്റെ തെളിവ് എയർ ഇന്ത്യയ്ക്ക് ഹാജരാക്കാനായില്ല. തുടർന്നാണ് പിഴയിടാൻ അഡ്വ. വി.എസ് മനുലാൽ പ്രസിഡന്റും ആർ.ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |