കിളിമാനൂർ: വെള്ളല്ലൂർ ഊന്നൻകല്ല് ബ്രദേഴ്സ് സംഘടിപ്പിച്ച വേടന്റെ പരിപാടി മുടങ്ങിയതോടെ ചെളിവാരി എറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ. 25 പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ ആറ്റിങ്ങൽ
ഇളമ്പ മുദാക്കൽ കൈലാസത്തിൽ അരവിന്ദി (25)നെയാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഊന്നൻകല്ല് വയലിൽ സജ്ജമാക്കിയ സ്റ്റേജിൽ പരിപാടിക്ക് മുമ്പ് ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചിരുന്നു. വൈകിട്ട് 4.30ഓടെ വേടൻ സ്ഥലത്തെത്തി സ്റ്റേജും സൗണ്ട് സിസ്റ്റവും പരിശോധിച്ച് വിശ്രമസ്ഥലത്തേക്ക് മടങ്ങിയിരുന്നു. പിന്നാലെയാണ് ടെക്നീഷ്യൻ മരിച്ച വിവരം അറിയുന്നത്. ഈ സാഹചര്യത്തിൽ പാടാൻ മനോവിഷമമുണ്ടെന്നും മറ്റൊരു ദിവസം ഈ നാടിന് വേണ്ടി പാടാമെന്നും വേടൻ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. പരിപാടി മുടങ്ങിയ വിവരം രാത്രിയോടെ ഭാരവാഹികൾ മൈക്കിലൂടെ പ്രേക്ഷകരെ അറിയിച്ചതോടെ പരിപാടി കാണാൻ എത്തിയവർ പ്രതിഷേധിച്ചു. ഈ സമയം മൊബൈൽ ക്യാമറകളുമായെത്തിയവർ ജനങ്ങൾക്കിടയിലേക്ക് നിങ്ങൾക്ക് പ്രതിഷേധമില്ലേ എന്ന ചോദ്യവുമായി എത്തിയതോടെ കാണികൾ സ്റ്റേജിലേക്ക് ചെളിവാരിയെറിയാൻ തുടങ്ങി. പൊലീസിന് നേരെയും ചെളിവാരിയെറിഞ്ഞു. ആയിരക്കണക്കിന് ജനങ്ങളെത്തിയ പരിപാടിയിൽ ഇത്തരത്തിൽ പ്രതിഷേധം കടുത്തിരുന്നെങ്കിൽ വലിയ ദുരന്തത്തിലേക്കും നീങ്ങുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |