തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തണമെന്ന വിവരാവകാശ കമ്മിഷണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പൊതു വിദ്യാഭ്യാസ വകുപ്പ്.
വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് ലഭ്യമാക്കുന്നില്ലെന്ന് കാട്ടി സ്വകാര്യ വ്യക്തി നൽകിയ ഹർജിയിലാണ് സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കീമിന്റെ ഉത്തരവ്. 2024- 25 അദ്ധ്യയന വർഷം രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ പട്ടികജാതി - പട്ടികവർഗ വിദ്യാർത്ഥികളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നത് നിയമ വിരുദ്ധമാണെന്നാണ് വകുപ്പിന്റെ നിലപാട്.
പട്ടികജാതി- പട്ടികവർഗ വിദ്യാർത്ഥികളുടെ എണ്ണം പേര്, മേൽവിലാസം, രക്ഷാകർത്താവിന്റെ പേര്, ഫോൺ നമ്പർ എന്നീ വിവരങ്ങളാണ് അപേക്ഷകൻ ആവശ്യപ്പെട്ടിരുന്നത്. വിവരങ്ങൾ നൽകുന്നില്ലെന്ന് കാട്ടി തുടർന്ന് വിവരാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. ഇതിന് മറുപടിയായി, വിവരാവകാശ നിയമ പ്രകാരം വ്യക്തിഗത വിവരങ്ങൾ ഒഴികെ മാർച്ച് ഒന്നിന് നൽകിയിരുന്നതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. താൻ ആവശ്യപ്പെട്ട വിവരങ്ങൾ പൂർണമായി ലഭിച്ചില്ലെന്ന് പറഞ്ഞ് അപേക്ഷകൻ നൽകിയ രണ്ടാം അപ്പീലിലാണ് പൂർണ വിവരങ്ങൾ മേയ് എട്ടിനകം നൽകണമെന്ന കമ്മിഷണറുടെ ഉത്തരവ്.
ഹയർ സെക്കൻഡറിക്ക്
പ്രത്യേക ഓറിയന്റേഷൻ :മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: സാമൂഹ്യതിന്മകൾക്കെതിരെ സ്വയം പ്രതിരോധമുയർത്തുന്നതിനായി പുതിയ അദ്ധ്യയന വർഷത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പ്രത്യേക ഓറിയന്റേഷൻ സെഷൻ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
രണ്ടാംവർഷക്കാർക്ക് രണ്ടാഴ്ച കൊണ്ട് ആറുമണിക്കൂർ നീളുന്ന ഓറിയന്റേഷൻ നൽകും. ഒന്നാംവർഷ ക്ലാസുകൾ ആരംഭിക്കുമ്പോൾ അവർക്കും പരിശീലനം നൽകും. ലഹരി, റാഗിംഗ്, നിയമവിരുദ്ധ വാഹന ഉപയോഗം, അക്രമ പ്രവർത്തനങ്ങൾ എന്നിവയ്ക്കെതിരെയും വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നീ വിഷയങ്ങളിലും സമൂഹ, മനഃശാസ്ത്ര, പശ്ചാത്തലവിശകലനം നടത്തി വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശീലന മൊഡ്യൂളുകൾ നിർമ്മിക്കുന്നത്. അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, കുട്ടികൾ എന്നിവർക്കുള്ള പരിശീലനം വിദഗ്ധ സഹായത്തോടെ നൽകും.
ഈ അദ്ധ്യയനവർഷം ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും സൗഹൃദക്ലബ്ബിന്റെയും എൻ.എസ്.എസിന്റെയും നേതൃത്വത്തിൽ പരിപാടികൾ നടത്തും. ആവശ്യമുള്ള കുട്ടികൾക്ക് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പിന്തുണ നൽകാൻ ആലോചനയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്ലസ് വൺ; ഇന്നലെ വരെ
3,33,481 അപേക്ഷകർ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് മൂന്നാംദിനം വരെ അപേക്ഷിച്ചത് 3,33,481 പേർ.
എസ്.എസ്.എൽ.സി വിജയികളിൽ നിന്ന് 3,14,284, സി.ബി.എസ്.ഇ 13,922 , ഐ.സി.എസ്.ഇ. 1,591, ഇതര ബോർഡുകളിൽ നിന്ന് 3,684 എന്നിങ്ങനെയാണ് ഇതുവരെ ലഭിച്ച അപേക്ഷകൾ. ഇന്നലെ വൈകിട്ട് 4.45 വരെ 3,57,169 പേർ ലോഗിൻ സൃഷ്ടിച്ചു.
പട്ടികജാതി വികസനവകുപ്പിന് കീഴിലെ ആറ് മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള (എം.ആർ.എസ്) പ്രവേശനത്തിന് വെള്ളിയാഴ്ച 114 അപേക്ഷകൾ ലഭിച്ചു. 346 പേർ ലോഗിൻ സൃഷ്ടിച്ചു. ഈ വർഷംമുതലാണ് എം.ആർ.എസുകളിലെ പ്രവേശനം ഏകജാലകമാക്കിയത്. 20ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 24ന് ട്രയൽ അലോട്ട്മെന്റ് . ജൂൺ രണ്ടിനാണ് ആദ്യ അലോട്ട്മെന്റ്. ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |