കൊച്ചി: സംസ്ഥാനത്തെ 13 സർവകലാശാലകളിൽ പന്ത്രണ്ടിലും സ്ഥിരം വൈസ് ചാൻസലർമാർ ഇല്ലാത്തതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ആശങ്കാജനകമായ സ്ഥിതിവിശേഷത്തിന് എത്രയുംവേഗം പരിഹാരം കണ്ടെത്തി സർവകലാശാലകളുടെ പ്രവർത്തനം സുഗമമാക്കണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
താത്കാലിക നിയമനങ്ങളിൽപ്പോലും തടസവാദങ്ങൾ ഉയരുകയാണെന്ന് കുറ്റപ്പെടുത്തി. ഇത് ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരത്തെ ബാധിക്കും.
കേരള സർവകലാശാല വൈസ് ചാൻസലറുടെ താത്കാലിക ചുമതല ഡോ. മോഹനൻ കുന്നുമ്മലിന് നൽകിയ ചാൻസലർ കൂടിയായ ഗവർണറുടെ നടപടി ചോദ്യംചെയ്ത് സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി തള്ളിയ ഉത്തരവിലാണ് കോടതിയുടെ വിമർശനം. സെനറ്റ് അംഗങ്ങളായ ഡോ.എ. ശിവപ്രസാദ്, പ്രിയ പ്രിയദർശനൻ എന്നിവരാണ് ഡോ. മോഹനന് യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ ഇല്ലെന്നാരോപിച്ച് ഹർജി നൽകിയത്. 60 വയസ് കഴിഞ്ഞെന്നും ഗവേഷണബിരുദം ഇല്ലെന്നാണ് ആരോപണം. ഇതെല്ലാം കോടതി തള്ളി.
ചാൻസലറുമായി സഹകരിക്കാത്ത സെനറ്റ് അംഗങ്ങൾ വി.സി നിയമന നടപടികൾ അനിശ്ചിതമായി വൈകിപ്പിക്കുകയാണെന്ന് ചാൻസലർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി. ശ്രീകുമാർ ബോധിപ്പിച്ചു. സർവകലാശാലയുടെ പ്രവർത്തനം താളംതെറ്റാതിരിക്കാൻ മറ്റൊരു സർവകലാശാലയുടെ വി.സിക്ക് അധികച്ചുമതല നൽകിയതാണ്. അത് അട്ടിമറിക്കാനാണ് ശ്രമം. പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ അറിയിച്ചു. താത്കാലിക സംവിധാനംപോലും അനിശ്ചിതത്വത്തിലാകുന്ന സാഹചര്യം ആശങ്കപ്പെടുത്തുന്നതായി പറഞ്ഞു.
ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായ മോഹനൻ കുന്നുമ്മൽ 2022 മുതൽ കേരള വി.സിയുടെ അധിക ചുമതല വഹിക്കുകയാണ്. സ്ഥിരം വി.സി നിയമനം വൈകിയതിനെ തുടർന്നാണ് അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡോ. മോഹനന് താത്കാലിക ചുമതല നൽകിയത്.
വി.എ. അരുൺകുമാറിന്റെ നിയമനം :
നിജസ്ഥിതി കണ്ടെത്താൻ
ഹൈക്കോടതി നിർദ്ദേശം
കൊച്ചി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ ഡോ. വി.എ. അരുൺകുമാറിനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ ഐ.എച്ച്.ആർ.ഡി ഇളവുകൾ നൽകിയെന്നതടക്കമുള്ള ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
ജസ്റ്റിസ് ഡി.കെ. സിംഗ് വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.
ഓഡിറ്റുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ ആവശ്യപ്പെട്ട് എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല ഡീൻ ഡോ. വിനു തോമസ് നൽകിയ ഹർജിയിലാണ് നടപടി.
മുൻ മുഖ്യമന്ത്രിയുടെ മകനായതിനാൽ നിയമനത്തിൽ രാഷ്ട്രീയ സ്വാധീനമുണ്ടായെന്ന് സംശയിക്കുന്നതായി കോടതി വിലയിരുത്തി. ക്ലാർക്കിന്റെ പദവിയിൽ നിന്ന് സ്വാധീനമുപയോഗിച്ച് ഐ.എച്ച്.ആർ.ഡി ഡയറക്ടറാവുകയായിരുന്നു. ഓഡിറ്റ് റിപ്പോർട്ടിന്റെ ഡിജിറ്റൽ പകർപ്പെടുക്കാൻ അനുവദിക്കാത്തത് യോഗ്യതയില്ലാതെ നിയമിതനായെന്നു പറയുന്ന ഡയറക്ടറുടെ പ്രതികാരമാണ് കാണിക്കുന്നതെന്ന് പറഞ്ഞ കോടതി ,ഡിജിറ്റൽ രേഖകൾ നൽകാൻ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |