തിരുവനന്തപുരം: ജനവാസ മേഖലയോടു ചേർന്ന്,ഒഴിഞ്ഞ സ്ഥലത്ത് ഒരു സ്ത്രീ കത്തിയമർന്നതിന്റെ ഞെട്ടലിലാണ് കൈമനം കുറ്റിക്കാട് നിവാസികൾ.പ്രദേശത്തുകാരിയല്ലാത്ത ഒരു സ്ത്രീ ഇവിടെ വന്ന് തീകൊളുത്തി ആത്മഹത്യ ചെയ്യില്ലെന്നാണ് ഇവർ പറയുന്നത്.
'വീട്ടിൽ ടി.വി കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീയുടെ നിലവിളി കേട്ട്,പുറത്തിറങ്ങി നോക്കുമ്പോൾ ആരോ നിന്ന് കത്തുന്നതാണ് കണ്ടതെന്ന് ' സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന വസന്ത പറയുന്നു.അല്പനേരം കഴിഞ്ഞ് തീക്കുണ്ഠമായി അവർ നിലത്തു വീഴുന്നതും കണ്ടു.മരിച്ചയാളുടെ സുഹൃത്തെന്ന് പറയുന്ന സജി എന്ന സനോജിന്റെ സഹോദരൻ മനോജും,നാട്ടുകാരും ഓടിയെത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കൊവിഡ് സമയത്ത്
ഉടലെടുത്ത സൗഹൃദം
കൊവിഡ് സമയത്താണ് സനോജിനെ ഷീജ പരിചയപ്പെട്ടതെന്ന് സഹോദരി ഷീബ പറയുന്നു.ജോലി കഴിഞ്ഞ് കൈമനത്ത് ബസിറങ്ങി വീട്ടിലേക്ക്,സനോജിന്റെ ഓട്ടോയിലാണ് ഷീബ വന്നിരുന്നത്. തുടർന്ന് ഇവർ അടുപ്പത്തിലായി.കുറച്ചുകാലം ഇരുവരും ഒരുമിച്ചു താമസിച്ചിരുന്നു. ഈ സമയത്ത് ഷീജയുടെ സ്വകാര്യ ദൃശ്യങ്ങൾ സനോജ് ഫോണിൽ പകർത്തിയിരുന്നു. പിന്നീട് ഇതുവച്ച് ചേച്ചിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായി ഷീബ പറയുന്നു. പണത്തിനായി ശല്യം തുടർന്നപ്പോൾ സനോജുമായുള്ള ബന്ധം ഷീജ മതിയാക്കിയതാണ് ഇയാളെ പ്രകോപിപ്പിച്ചതത്രെ. ഇതോടെ ടെക്സ്റ്റയിൽസിലെത്തി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ശല്യം കാരണം കഴിഞ്ഞ നാല് ദിവസം ചേച്ചി ജോലിക്ക് പോയിരുന്നില്ലെന്നും ഷീബ പറഞ്ഞു.
ഇയാൾ വീണ്ടും സ്നേഹം നടിച്ച് ഫോണിലുള്ള ദൃശ്യങ്ങൾ മാറ്റാമെന്നു പറഞ്ഞ് സഹോദരിയെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയതാണെന്നും ഷീബ പൊലീസിനോട് പറഞ്ഞു.
ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും, തന്റെ സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഷീജയുടെ ഇളയമ്മയുടെ മകൻ കൈമനം സുരേഷും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |