തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പത്തംഗ സംഘത്തിലെ ഏഴുപേർ പിടിയിൽ. തിരുമല പുന്നായ്ക്കമുഗൾ കല്ലറവിള പുത്തൻവീട്ടിൽ രാജന്റെ മകൻ ഉണ്ണി എന്ന പ്രവീണിനെയാണ് (27) ഇക്കഴിഞ്ഞ ബുധനാഴ്ച തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചത്.
പാപ്പനംകോട് ഗംഗ നഗർ സ്വദേശികളും സഹോദരന്മാരുമായ കിച്ചു എന്ന അദിത് വിജയൻ(20),അച്ചു എന്ന അശ്വിൻ വിജയ് (20), മുട്ടത്തറ ആറ്റരികത്ത് വീട്ടിൽ വിഷ്ണു (32),കാട്ടാക്കട അരുമാളൂർ എം.എസ് മൻസിലിൽ മുജീഷ് ഖാൻ (23),പ്രാവച്ചമ്പലം മായംകോട് വെള്ളംകെട്ടുവിള മീരാൻ മൻസിലിൽ മുഹമ്മദ് കൈഫ്(23),നേമം പഴയ കാരയ്ക്കാമണ്ഡപം താന്നിവിള പുത്തൻ വീട്ടിൽ അനു.എം(29),പാപ്പനംകോട് വിളയിൽ വീട്ടിൽ നിഷാദ്.എൻ.എസ്(25) എന്നിവരെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചയ്ക്ക് പൂജപ്പുര ആലപ്പുറം സ്വദേശി വിഷ്ണു എന്ന യുവാവ് ആത്മഹത്യ ചെയ്തിരുന്നു. ഇയാൾക്കെതിരെ തിരുമല സ്വദേശിയായ ഉണ്ണി,തന്റെ സഹോദരിയെ പിന്തുടർന്ന് ശല്യം ചെയ്യുന്നതായി കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് പൂജപ്പുര പൊലീസ് വിഷ്ണുവിനെ വിളിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിൽ മനംനൊന്തായിരുന്നു ആത്മഹത്യ.
തുടർന്ന് കേസ് കൊടുത്ത ഉണ്ണിയാണെന്ന് തെറ്റിദ്ധരിച്ച് പ്രവീണിനെ സംഘം കാറിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു.പണവും മറ്റും കവർച്ച ചെയ്ത ശേഷം കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നുവെന്ന് തമ്പാനൂർ പൊലീസ് പറഞ്ഞു.
തമ്പാനൂർ എസ്.എച്ച്.ഒ വി.എം.ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ബിനുമോഹൻ,സി.പി.ഒമാരായ ബോബൻ,ശ്രീരാഗ്,സൂരജ്,അനു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |