കോട്ടയം : സ്‌കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെ പാഠപുസ്തകവിതരണം അവസാനഘട്ടത്തിൽ. ഇത്തവണ മദ്ധ്യവേനലവധിയ്ക്ക് മുൻപ് പാഠപുസ്തകങ്ങൾ ഡിപ്പോയിലെത്തിയിരുന്നു. സ്‌കൂളുകളിലെത്തിച്ച പാഠപുസ്തകങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കുമേറി. കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് ജില്ല കേന്ദ്രത്തിൽനിന്ന് സൊസൈറ്റികളിലേക്ക് പുസ്തകം എത്തിക്കുന്നത്. സ്‌കൂൾ അധികൃതർ സൊസൈറ്റിയിൽ നിന്ന് പുസ്തകങ്ങൾ ഏറ്റെടുക്കും. പുതുപ്പള്ളി സെന്റ് ജോർജ് ഗവ.വി.എച്ച്.എസ്.എസിലെ ഡിപ്പോയിൽ നിന്നാണ് ജില്ലയിലേക്കുള്ള പുസ്തകവിതരണം. സിലബസിൽ മാറ്റം വരാത്ത ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലേക്ക് വിതരണമാണ് ആദ്യഘട്ടത്തിൽ നടന്നത്. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങൾ ഇത്തവണ മാറിയിട്ടുണ്ട്. ഇതിൽ പത്താം ക്ലാസിലെ വിതരണം ഏറെക്കുറെ പൂർത്തിയായി.
ആവശ്യം 15 ലക്ഷം പുസ്തകം
കഴിഞ്ഞ ദിവസം വരെ 8,97,912 പുസ്തകങ്ങൾ ജില്ലയിലെ സ്‌കൂളുകളിലെത്തി. ഇതിൽ 8,51,833 എണ്ണം സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്കും 46,079 എണ്ണം അൺ എയ്ഡഡ് സ്‌കൂളുകളിലേക്കും വിതരണം ചെയ്തു. ഏകദേശം 15 ലക്ഷത്തോളം പുസ്തകങ്ങളാണ് ആവശ്യമുള്ളത്. രണ്ട്, നാല്,ആറ്, എട്ട് ക്ലാസുകളിലെ പുസ്തകങ്ങൾ എത്താനുണ്ട്.
അവശേഷിക്കുന്ന പുസ്തകങ്ങളും അടുത്ത ദിവസങ്ങളിൽ ജില്ല ഡിപ്പോയിലെത്തും. സ്‌കൂൾ തുറക്കും മുമ്പ് വിതരണം പൂർത്തിയാക്കും.
(വിദ്യാഭ്യാസവകുപ്പ് അധികൃതർ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |