കോട്ടയം : റബർ അധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിട്ട വെള്ളൂർ കേരള റബർ ലിമിറ്റഡിന് സർക്കാർ കൈമാറിയ സ്ഥലത്തിന്റെ ഭൂരേഖകൾ പേരിലേയ്ക്ക് മാറ്റുന്ന നടപടികൾ വൈകുന്നു. വെള്ളൂർ കേരളപേപ്പർ പ്രോഡക്ടസ് ലിമിറ്റഡ് വളപ്പിലെ 164.86 ഏക്കർ ഭൂമിയാണ് കൈമാറാൻ തീരുമാനിച്ചതെങ്കിലും രേഖകൾ മാറാനുള്ള സാങ്കേതിക തടസങ്ങളാണ് പദ്ധതിയുടെ ഒന്നാംഘത്തെ പിന്നോട്ടടിക്കുന്നത്. അതേസമയം പാർക്കിൽ വിവിധ സംരഭങ്ങൾക്ക് താത്പര്യമറിയിച്ച് വിവിധ കമ്പനികൾ രംഗത്തെത്തിയത് പ്രതീക്ഷ നൽകുന്നുണ്ട്. കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡിന്റെ (കെ.പി.പി.എൽ) പേരിലേക്ക് കേന്ദ്രത്തിൽനിന്ന് ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ മാറ്റുന്ന നടപടികൾ വൈകിയതാണ് റബർ പാർക്കിനും തിരിച്ചടിയായത്. അടുത്തിടെ കെ.പി.പി.എല്ലിന്റെ പേരിലേക്ക് ഭൂമി മാറ്റി. ഇതിന്റെ തുടർച്ചയായി റബർ പാർക്കിന്റെ കൈമാറ്റ നടപടിക്രമങ്ങൾ പരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
താത്പര്യമറിയിച്ചത് 32 കമ്പനികൾ
സംരംഭങ്ങൾക്ക് താത്പര്യമറിയിച്ച് 32 കമ്പനികളാണ് രംഗത്തെത്തിയത്. ഓട്ടോമൊബൈൽ പാർട്സുകൾ, കൈയുറകൾ, മാറ്റുകൾ എന്നിവ നിർമ്മിക്കുന്ന കേരളത്തിൽനിന്നുള്ള കമ്പനികളാണിത്. ഭൂമി കൈമാറ്റം രേഖാമൂലമായതിന് ശേഷം വിദേശത്തുനിന്നടക്കം കൂടുതൽ കമ്പനികളിൽ നിന്ന് താത്പര്യപത്രം ക്ഷണിക്കാനാണ് റബർ ലിമിറ്റഡിന്റെ തീരുമാനം.
ഇനിയുള്ള നടപടികൾ
താത്പര്യം അറിയിക്കുന്നവർക്ക് പാട്ടവ്യവസ്ഥയിൽ ഭൂമി കൈമാറും
വ്യവസായസംരംഭങ്ങൾക്ക് പൊതു അടിസ്ഥാന സൗകര്യം ഒരുക്കൽ
പാർക്ക് വരുമ്പോൾ
റബർ കർഷകർക്ക് പ്രയോജനകരം
8000 പേർക്ക് തൊഴിൽ ലഭ്യമാകും
റബർ ഉത്പന്ന പ്രദർശന കേന്ദ്രം
ടയർ ടെസ്റ്റിംഗ് സെന്റർ
ബിസിനസ് ഇൻക്യുബേഷൻ സെന്റർ
പ്രവർത്തിക്കുക 65 യൂണിറ്റുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |