കൊച്ചി: പ്രമുഖ ആഗോള ഏജൻസിയായ മൂഡീസ് അമേരിക്കയുടെ സോവറിൻ ക്രെഡിറ്റ് റേറ്റിംഗ് കുറച്ചു. അമേരിക്കയുടെ പൊതു കടം 36 ലക്ഷം കോടി ഡോളറായി ഉയർന്ന സാഹചര്യത്തിലാണ് ക്രെഡിറ്റ് റേറ്റിംഗ് 'എഎഎ'ൽ നിന്ന് എഎ1ലേക്കാണ് കുറച്ചത്. ഇതോടൊപ്പം അടുത്ത വർഷത്തേക്കുള്ള ഔട്ട്‌ലുക്ക് സ്‌റ്റേബിളിൽ നിന്ന് നെഗറ്റീവായി പുതുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ധന കമ്മി ഗണ്യമായി കൂടുന്നതും പലിശ തിരിച്ചടവ് ബാദ്ധ്യത ഉയരുന്നതും അമേരിക്കയ്ക്ക് വെല്ലുവിളി സൃഷ്‌ടിക്കുമെന്നും മൂഡീസ് ചൂണ്ടിക്കാട്ടുന്നു. ഈ രംഗത്ത് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിൽ കഴിഞ്ഞ കാലങ്ങളിലെ വിവിധ ഭരണകൂടങ്ങളും കോൺഗ്രസും പരാജയപ്പെട്ടുവെന്നും അവർ പറയുന്നു. ഫെഡറൽ സർക്കാരിന്റെ പൊതുകടം 2035ൽ ആഭ്യന്തര മൊത്തം ഉത്പാദനത്തിന്റെ(ജി.ഡി.പി) 134 ശതമാനമാകുമെന്നാണ് വിലയിരുത്തുന്നത്. മറ്റൊരു പ്രമുഖ ഏജൻസിയായ ഫിച്ച് 2023ൽ അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗിൽ സമാനമായ കുറവ് വരുത്തിയിരുന്നു.
വിപണികളെ ബാധിക്കില്ലെന്ന് വിദഗ്ദ്ധർ
അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് മൂഡീസ് കുറച്ച നടപടി ആഗോള ഓഹരി വിപണികളെ കാര്യമായി ബാധിക്കില്ലെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു. വെള്ളിയാഴ്ച അമേരിക്കൻ ഓഹരി വിപണിയിൽ വ്യാപാരം അവസാനിച്ചതിന് ശേഷമാണ് മൂഡീസ് തീരുമാനം വ്യക്തമാക്കിയത്. ഇന്ത്യൻ ഓഹരി വിപണി അടുത്ത വാരം പ്രധാനമായും കാലവർഷത്തിന്റെ വ്യാപനവും കമ്പനികളുടെ പ്രവർത്തന ഫലങ്ങളും അടിസ്ഥാനമായിട്ടാകും നിക്ഷേപ തീരുമാനമെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |