നിർദ്ധന കുടുംബങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികൾക്കു കൂടി ഉയർന്ന ഫീസുള്ള സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ചേർന്ന് പഠിക്കുവാൻ സഹായകമായിരുന്ന സർക്കാർ സ്കോളർഷിപ്പ് എന്ന വലിയ ആശ്രയമാണ് ആദ്യം ഹൈക്കോടതിയുടെയും ഇപ്പോൾ സുപ്രീം കോടതിയുടെയും ഉത്തരവ് പ്രകാരം ഇല്ലാതായിരിക്കുന്നത്. എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്ന് അഞ്ചു ലക്ഷം രൂപ വീതം അധിക ഫീസായി ഈടാക്കി, ആ തുകയാണ് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ നിർദ്ധന വിദ്യാർത്ഥികൾക്കു നല്കിവന്ന സ്കോളർഷിപ്പിനായി സർക്കാർ ഉപയോഗിച്ചിരുന്നത്. ഇത് ക്രോസ് സബ്സിഡിയുടെ പരിധിയിൽ വരുമെന്നതിനാൽ നിയമവിരുദ്ധമെന്നു കണ്ടാണ് ഇതുസംബന്ധിച്ച സർക്കാർ സർക്കുലർ നേരത്തേ ഹൈക്കോടതി റദ്ദാക്കിയത്.
അതേസമയം, ഇതുവരെ ഈടാക്കിയ അധിക ഫീസ് സ്വാശ്രയ മാനേജ്മെന്റുകൾക്ക് തിരികെ നല്കേണ്ടതില്ലെന്നു കൂടി ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിനെതിരെ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയാണ് ഇപ്പോൾ സർക്കാരിന് ഇരുട്ടടിയും പിന്നാക്ക വിദ്യാർത്ഥികൾക്ക് തിരിച്ചടിയുമായിരിക്കുന്നത്. ബി.പി.എൽ, പട്ടിക വിഭാഗം, ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങൾക്ക് നല്കിയ സ്കോളർഷിപ്പ് ഇനത്തിൽ ഓരോ കോളേജിനും ലഭിക്കാനുണ്ടെന്ന് മാനേജ്മെന്റുകൾ അവകാശപ്പെടുന്നത് 35 കോടി രൂപ വീതമാണ്. എൻ.ആർ.ഐ ഫീസിൽ നിന്ന് സർക്കാരിലേക്കു മാറ്റിയ അധിക ഫീസ് മൂന്നു മാസത്തിനകം മാനേജ്മെന്റുകൾക്ക് തിരികെ നല്കണമെന്നാണ് ഇപ്പോൾ സുപ്രീം കോടതിയുടെ തീർപ്പ്. ബി.പി.എൽ വിദ്യാർത്ഥികളുടെ ഫീസ് ഇളവ് ആവശ്യത്തിന് ഈ തുക വിനിയോഗിക്കാമെങ്കിലും എൻ.ആർ.ഐ വിദ്യാർത്ഥികൾക്ക് തിരികെ നല്കേണ്ടതില്ല.
സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം നല്കുന്നെങ്കിൽ, ആ തുക കൈകാര്യം ചെയ്യേണ്ടത് സർക്കാരല്ല, മാനേജ്മെന്റുകൾ തന്നെയാണെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. എൻ.ആർ.ഐ വിദ്യാർത്ഥികളിൽ നിന്ന് അധിക തുക ഈടാക്കി, ഈ തുക മാനേജ്മെന്റുകൾക്കു തന്നെ കൈകാര്യം ചെയ്യാം. അതേസമയം, ഇതു സംബന്ധിച്ച് സർക്കാരിന് നിയമനിർമ്മാണം നടത്താവുന്നതാണ്. പ്രത്യേക നിയമം ഇല്ലാതെ, ഫീസ് നിർണയ സമിതിയുടെ ശുപാർശയനുസരിച്ച് ഇറക്കിയ ഒരു സർക്കുലറിലൂടെ സ്വാശ്രയ കോളേജുകളിൽ സർക്കാർ സ്കോളർഷിപ്പ് ഉറപ്പാക്കിയതാണ് സർക്കാരിന് വിനയായത്. സ്കോളർഷിപ്പ് തുടരണമെങ്കിൽ അതിനായി ഇനി പ്രത്യേക നിയമനിർമ്മാണം നടത്തണമെന്ന് അർത്ഥം. 2020 ജൂലായിലെ ഹൈക്കോടതി സ്റ്റേ അനുസരിച്ച്, 2018- 19 മുതൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് തുടർന്ന് ആനുകൂല്യം കിട്ടാതാവുകയും ചെയ്തിരുന്നു.
എൻ.ആർ.ഐ സീറ്റിൽ പ്രവേശനം നേടുന്നവരിൽ നിന്ന് അധിക ഫീസ് ഈടാക്കി, ആ തുക സ്വാശ്രയ കോളേജുകളിലെ നിർദ്ധനരായ കുട്ടികൾക്ക് സ്കോളഷിപ്പിനായി ഉപയോഗിക്കാമെന്ന് സർക്കാർ തീരുമാനിച്ച അവസരത്തിൽ, അതിന് അന്നുതന്നെ നിയമപരിരക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ ഈ അപകടമൊന്നും സംഭവിക്കുമായിരുന്നില്ല. അതിനു പകരം, ഒരു സർക്കുലർ വഴി കാര്യം നടത്താൻ തുനിഞ്ഞതാണ് കോടതി ഇടപെടലിനും, അന്നു മുതൽ ഒരുവിഭാഗം വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പ് കിട്ടാതാകുന്ന സാഹചര്യത്തിനും വഴിവച്ചത്. മെഡിക്കൽ പ്രവേശനവും ഫീസ് നിർണയവും സ്കോളർഷിപ്പ് വിതരണവും പോലെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ നേരിട്ട് ബാധിക്കുന്നതും, സങ്കീർണവുമായ വിഷയങ്ങളിൽ ഇനിയെങ്കിലും കുറേക്കൂടി ജാഗ്രതയോടെയും നിയമയുദ്ധത്തിന് വഴിയൊരുക്കാത്ത വിധത്തിലുമുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകതന്നെ വേണം. ഇക്കാര്യത്തിലെ നിയമനിർമ്മാണത്തിന് ഒട്ടും വൈകുകയും ചെയ്യരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |