കോഴിക്കോട്: ആറുവരിയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ദേശീയപാത 66ലെ മേൽപ്പാലങ്ങൾക്ക് അടിയിൽ അഗ്നിശമന സേനയുടെ മൊബൈൽ യൂണിറ്റുകൾ സ്ഥാപിക്കണമെന്ന് ആവശ്യം.
നിലവിലെ റോഡിൽ നിന്ന് ഉയർന്നും മേൽപ്പാലങ്ങളിലൂടെയും കടന്നു പാേകുന്ന പ്രധാന പാതയിൽ അപകടം സംഭവിച്ചാൽ ഇപ്പോഴത്തെ യൂണിറ്റുകളിൽ നിന്ന് എത്തിച്ചേരാൻ കാലതാമസം നേരിടുന്ന പശ്ചാത്തലത്തിലാണിത്. ഓരോ ജില്ലയുടെയും അതിർത്തിക്ക് അടുത്തുള്ള മേൽപ്പാലങ്ങളുടെ അടിയിൽ സജ്ജമാക്കണമെന്നാണ് നിർദേശം.
റോഡപകടങ്ങൾ കൈകാര്യം ചെയ്യേണ്ട ഉപകരണങ്ങളടങ്ങുന്ന ഫസ്റ്റ് റസ്‌പോൺസ് വെഹിക്കിളും (എഫ്.ആർ.വി) ആംബുലൻസും ഉണ്ടാകണം. ഈ ടീം നിരന്തരം സഞ്ചരിക്കുകയും അപകടങ്ങളുണ്ടാവുമ്പോൾ എളുപ്പം രക്ഷാപ്രവർത്തനം നടത്തുകയും ചെയ്യും.
ദേശീയ പാതയിലേക്ക് എല്ലായിടത്തും പ്രവേശനം സാധ്യമല്ലാത്തതും
സർവീസ് റോഡ് ചുറ്റി സഞ്ചരിക്കേണ്ടിവരുന്നതും രക്ഷാ പ്രവർത്തനം വൈകാൻ ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
ഒമ്പത് ജില്ലകളിലൂടെയാണ് ആറുവരി പാത കടന്നുപോകുന്നത്. 20 പേരുള്ള എൻഫോഴ്‌സ് മെന്റ് ടീമാണ് ഓരോയിടത്തും വേണ്ടിവരുന്നത്. 180 പുതിയ നിയമനം നടത്തണം.
പഠന റിപ്പോർട്ടും നിവേദനവും ഫയർ സർവീസ് അസോസിയേഷൻ ഭാരവാഹികൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറലിനും കൈമാറി.
'ആറുവരി പാതയിൽ നിന്ന് വളരെ ദൂരെയാണ് ഇപ്പോൾ ഫയർ സ്‌റ്റേഷനുകൾ പ്രവർത്തിക്കുന്നത്. ഈ പ്രദേശങ്ങളിൽ പലയിടങ്ങളിലും ദേശീയ പാതയിലേക്ക് പ്രവേശനവുമില്ല. അത്തരമൊരു സാഹചര്യത്തിൽ ഫയർ ആൻഡ് റസ്‌ക്യൂ മൊബൈൽ എൻഫോഴ്‌സ്‌മെന്റ് ടീം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ് '.
എ.ഷജിൽകുമാർ
കേരള ഫയർ സർവീസ് അസോ.
സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |