ബംഗളൂരു: അതിർത്തിയിലെ സംഘർഷങ്ങളെ തുടർന്ന് നിറുത്തി വച്ച ഐ.പി.എൽ 18-ാം സീസൺ പുനരാരംഭിച്ചപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കണ്ണീർ മഴ. ഇന്നലെ ബംഗളൂരുവിലെ ചിന്നസ്വാമിയിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമായുള്ള മത്സരം കനത്ത മഴമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചതോടെയാണ് കൊൽക്കത്തയുടെ പ്ലേഓഫ് പ്രതീക്ഷകൾ അസ്തമിച്ചത്. പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐ.പി.എൽ മത്സരങ്ങൾ പുനരാരംഭിച്ചത്. മഴകളിമുടക്കിയതോടെ ഇരുടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു. ബംഗളൂരു 12 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി പ്ലേഓഫ് എറെക്കുറെ ഉറപ്പിച്ച മട്ടായി. ഇന്നലെ ജയിച്ചിരുന്നെങ്കിൽ അവർക്ക്പ്ലേഓഫ് ഉറപ്പിക്കാമായിരുന്നു.
മറുവശത്ത് ആറാം സ്ഥാനത്തുള്ള കൊൽക്കത്തയ്ക്ക് 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റേയുള്ളൂ.
ടെസ്റ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ഇതിഹാസ താരം വിരാട് കൊഹ്ലി കളിക്കാനിറങ്ങേണ്ടിയിരുന്ന ആദ്യ മത്സരം കാണാൻ അദ്ദേഹത്തിന്റെ ടെസ്റ്റ് ജേഴ്സിയുമണിഞ്ഞ് ഗാലറിയിലേക്ക് ഒഴികിയെത്തിയ കാണികളും നിരാശരായി.
ക്രിസ്റ്റൽ ക്ലിയർ
ലണ്ടൻ: എഫ്.എ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ക്രിസ്റ്റൽപാലസ് ചാമ്പ്യൻമാരായി. 120 വർഷത്തിനിടയ്ക്ക് ക്രിസ്റ്റൽ പാലസിന്റെആദ്യ മേജർ ട്രോഫിയാണിത്. വെംബ്ലിയിൽ നടന്ന ഫൈനലിൽ 16-ാം മിനിട്ടിൽ എബെറെഷി എസ്സെയാണ് ക്രിസ്റ്റലിന്റെ കിരീടമുറപ്പിച്ച ഗോൾ നേടിയത്.ബാൾ പൊസഷനിലുൾപ്പെടെ സിറ്റിക്ക് വലിയ മുൻതൂക്കമുണ്ടായിരുന്നെങ്കിലും വലകുലുക്കാൻ അവർക്കായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |