മുണ്ടക്കയം : മഴയ്‌ക്ക് പിന്നാലെ ജില്ലയിൽ പകർച്ചവ്യാധികളും പിടിമുറുക്കുന്നു. മുണ്ടക്കയം , കോരുത്തോട്, പഞ്ചായത്തുകളിൽ നിരവധിപ്പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം പുലിക്കുന്നിൽ പിഞ്ചുകുഞ്ഞിന് രോഗം സ്ഥിരീകരിച്ചു ആശങ്ക ഉയരുകയാണ്. കുട്ടി ഇപ്പോൾ കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ്. കോരുത്തോട്ടിൽ പഞ്ചായത്ത് ജീവനക്കാരനും, പുഞ്ചവയലിൽ 19 പേർക്കും രോഗം കണ്ടെത്തി. പുഞ്ചവയൽ 504 കോളനിയിൽ അനധികൃത മദ്യക്കച്ചവട കേന്ദ്രത്തിൽ നിന്ന് മദ്യം വാങ്ങി സമീപത്തെ കിണറ്റിൽ നിന്ന് വെള്ളം കുടിച്ചവർക്കാണ് രോഗബാധ. കൂടാതെ ടാങ്കർ വെളളം വാങ്ങി ഉപയോഗിച്ചവരിലും രോഗം പിടിപെട്ടു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ഉൗർജ്ജിതമാക്കിയെങ്കിലും രോഗം വ്യാപിപ്പിക്കുകയാണ്.
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി വേഗത്തിൽ വൈദ്യസഹായം തേടാനും ഒറ്റമൂലി ചികിത്സകൾ ഒഴിവാക്കണമെന്നുമാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും, കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടാം. രക്ത പരിശോധനയിലൂടെ മാത്രമേ രോഗനിർണയം പൂർണമായി സ്ഥിരീകരിക്കാനാവൂ.
മറവൻതുരുത്തിൽ ഡെങ്കിപ്പനി
മറവൻതുരുത്ത് പഞ്ചായത്തിൽ ഡെങ്കിപ്പനി വ്യാപകമായതോടെ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കി. 11ാം വാർഡിലാണ് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ളത്. ഏഴ് പേർ. കഴിഞ്ഞ ഏപ്രിൽ 11 നാണ് ആദ്യം ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. വാർഡിലെ ഒരു കുടുംബത്തിലുണ്ടായ മരണവുമായി ബന്ധപ്പെട്ട് ഡെങ്കിപ്പനി ബാധിച്ചയാൾ സമീപജില്ലയിൽ നിന്ന് എത്തിയതോടെയാണ് വ്യാപനം ഉണ്ടായതെന്നാണ് നിഗമനം. നാല്, ഏഴ്, ഒന്ന് വാർഡുകളിലായി ഓരോ ആൾക്ക് വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മുൻകരുതൽ, പ്രതിരോധം
വ്യക്തി, പരിസര ശുചിത്വം പാലിക്കുക
ആഹാര ശുചിത്വം, ഈച്ചശല്യം തടയുക
വെള്ളം ഉൾപ്പെടെ ആഹാരങ്ങൾ അടച്ചുവയ്ക്കുക
ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിയ്ക്കുക
തൊഴുത്തും മറ്റും വീട്ടിൽ നിന്ന് അകലെയാക്കുക
കിണർവെള്ളം ഉൾപ്പെടെ ക്ലോറിനേറ്റ് ചെയ്യുക
കൊതുക് മുട്ടിയിടുന്ന സാഹചര്യം ഒഴിവാക്കുക
''പനി മാറുന്നതിന് ഡോക്ടറുടെ നിർദ്ദേശമില്ലാതെ പാരസെറ്റമോൾ ഗുളിക കഴിക്കരുത്. സർക്കാർ അംഗീകാരമില്ലാത്ത ഒറ്റമൂലി ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് ചികിത്സ തേടരുത്. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടുക, സ്വയം ചികിത്സ പാടില്ല.
ആരോഗ്യ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |