തൃശൂർ : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ സാംസ്‌കാരിക പ്രവർത്തകരും കലാകാരന്മാരുമായി ഇന്നു സംവദിക്കും. 'പരസ്പരം" എന്ന പേരിലുള്ള പരിപാടി രാവിലെ ഒമ്പത് മുതൽ പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്ററിൽ നടക്കും. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ 14 ജില്ലകളിലെ 2,500 കല- സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. സാംസ്‌കാരികമന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, കെ.രാധാകൃഷ്ണൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, സാംസ്‌കാരിക വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ.ഖൊബ്രഗഡെ, ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ എന്നിവർ പങ്കെടുക്കും. ചർച്ചകൾക്ക് മുഖ്യമന്ത്രി മറുപടി നൽകും. കലാസാംസ്‌കാരിക പ്രവർത്തകരെ ആദരിക്കും. ഗുരു ഗോപിനാഥ് നാട്യഗ്രാമം അവതരിപ്പിക്കുന്ന സ്വാഗതനൃത്ത രൂപവുമുണ്ടാകും. നവകേരള സദസ്, മുഖാമുഖം പരിപാടികളുടെ തുടർച്ചയായാണ് പരിപാടി.
ഷഹബാസ് വധം
കുറ്റാരോപിതരുടെ
എസ്.എസ്.എൽ.സി
ഫലം പുറത്ത് വിടരുത്
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതാരായ വിദ്യാർത്ഥികളുടെ എസ്.എസ്.എൽ.സി ഫലം പുറത്തുവിടരുതെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാൽ. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇക്ബാൽ ബാലവകാശ കമ്മിഷനിൽ പരാതി നൽകി. ഫലം പ്രസിദ്ധീകരിച്ചാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പിതാവ് ചൂണ്ടിക്കാട്ടി. കുറ്റാരോപിതരായ വിദ്യാർത്ഥികളുടെഎസ്.എസ്.എൽ.സി ഫലം വിദ്യാഭ്യാസ വകുപ്പ് തടഞ്ഞു വച്ചിരുന്നു. ബാലാവകാശ കമ്മിഷനാണ് ഫലം പുറത്തുവിടണമെന്ന് ഉത്തരവിറക്കിയത്.
എസ്.ബി.ഐ
പെൻഷനേഴ്സ് അസോ.
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ 24-ാം സംസ്ഥാന വാർഷിക ജനറൽ കൗൺസിൽ 23,24 തീയതികളിൽ കോഴിക്കോട്ട് നടക്കും. 23ന് രാവിലെ 11ന് എ.കെ.മേനോൻ നഗറിൽ (അളകാപുരി ഹോട്ടൽ ജൂബിലി ഹാൾ) സംസ്ഥാന സമിതി യോഗം ചേരും. ഉച്ചകഴിഞ്ഞ് 3ന് പ്രതിനിധി സമ്മേളനം എസ്.ബി.ഐ പെൻഷനേഴ്സ് ഫെഡറേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി ദീപക് കുമാർ ബസു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.രാജീവൻ അദ്ധ്യക്ഷത വഹിക്കും. 24ന് രാവിലെ 9ന് ശ്രീനാരായണ സെന്റിനറി ഹാളിൽ സംസ്ഥാന പ്രസിഡന്റ് കെ.രാജീവൻ പതാക ഉയർത്തും. ദീപക് കുമാർ ബസു മുഖ്യപ്രഭാഷണം നടത്തും.
എസ്.ബി.ഐ ജനറൽ മാനേജർ തളച്ചിൽ ശിവദാസ്,മനോമോഹൻ സ്വൈൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |