കിളിമാനൂർ: പുതിയ അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ സജീവമായി സ്‌കൂൾ വിപണി. ബാഗ്,കുട,നോട്ട് പുസ്തകം,സ്റ്റേഷനറി സാധനങ്ങൾ,ചെരുപ്പ്,യൂണിഫോം തുടങ്ങി എല്ലാ കടകളിലും തിരക്ക് തകൃതിയായതായി വ്യാപാരികൾ പറഞ്ഞു. പുത്തൻ ട്രെൻഡുകളിലുള്ള ബാഗുകൾക്കും കുടകൾക്കുമാണ് ആവശ്യക്കാരേറെയും. ഇതിൽത്തന്നെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുണ്ടെങ്കിൽ കുട്ടികൾ ഹാപ്പി. ത്രിഡി പ്രിന്റുകളുള്ള ബാഗുകൾക്കും വിവിധ ഡിസൈനിലുള്ള ബോക്സുകൾക്കും ആരാധകരേറെയാണ്. വിപണിയിലെ മിക്ക സാധനങ്ങൾക്കും ഈ വർഷം വില വർദ്ധിച്ചിട്ടുണ്ടെങ്കിലും അവയൊന്നും കച്ചവടത്തെ ബാധിച്ചിട്ടില്ല. ചെറിയ കുട്ടികളെ ആകർഷിക്കാർ ബഹുവർണ നിറത്തിലുള്ള കുടകളും ബാഗുകളുമായി മത്സരമാണ് വിപണികൾ.
മിക്ക കച്ചവടക്കാരും ഡിസ്‌കൗണ്ടുകളും നൽകുന്നുണ്ട്. 500 രൂപ മുതൽ 2000 രൂപയ്ക്ക് മുകളിലുള്ള ബാഗുകളും 300 മുതൽ ആരംഭിക്കുന്ന കുടകളും റെയിൻ കോട്ടുകൾ, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ എന്നിവയിലെല്ലാം പുത്തൻ വെറൈറ്റികൾ നോക്കുന്നവരാണ് പുതിയ ജനറേഷൻ. കുട്ടികൾക്ക് കാർട്ടൂൺ കഥാപാത്രങ്ങളുമായുള്ള കുടകളാണ് ആവശ്യമെങ്കിൽ കോളേജ് വിദ്യാർത്ഥികൾക്കിഷ്ടം ഏറ്റവും ചെറിയ നാനോ കുടകളും വലിയ കാലൻ കുടകളുമാണ്. മഴ കനക്കുന്നതോടെ 100 രൂപയുടെ റെയിൻകോട്ടിന് വമ്പൻ ഡിമാൻഡുമായിരിക്കും.
സ്റ്റാറായി നെയിംസ്ലിപ്പുകൾ
മുമ്പും സ്‌കൂൾ വിപണിയിൽ സ്റ്റാറായിരുന്ന നെയിംസ്ലിപ്പുകൾ കുട്ടികളുടെ ഫോട്ടോകളും പേരും വച്ച് ഡിസൈൻ ചെയ്‌തെടുക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഇതിന് ആവശ്യക്കാർ ഏറിയിട്ടുമുണ്ട്. മിക്ക ഡിസൈനിംഗ് സ്ഥാപനങ്ങളും സ്റ്റുഡിയോകളും ഇത്തരത്തിൽ വർക്കുകൾ ചെയ്തു നൽകുന്നുണ്ട്. വലിപ്പത്തിൽ വരുന്ന ഒരു ഷീറ്റിന് 150 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ചെറിയ കുട്ടികൾക്ക് തങ്ങളുടെ പുസ്തകങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ ഇത് സഹായകരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |