തിരുവനന്തപുരം: പേരൂർക്കട സ്റ്റേഷനിൽ ദളിത് യുവതി ബിന്ദു നേരിട്ട ക്രൂരതയ്ക്ക് ഒരു ദൃക്സാക്ഷിയുണ്ട്, സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകൾ. സുപ്രീംകോടതി ഉത്തരവു പ്രകാരമാണ് സ്റ്റേഷനുകളിൽ ക്യാമറാ നിരീക്ഷണ സംവിധാനമൊരുക്കിയത്. ക്യാമറ ദൃശ്യങ്ങളും ശബ്ദവും കസ്റ്റഡി മർദ്ദനക്കേസുകളിൽ പൊലീസിനെതിരായ പ്രധാന തെളിവാകുന്നത് ഒഴിവാക്കാൻ നിരീക്ഷണമൊരുക്കുന്നത് വൈകിപ്പിച്ചെങ്കിലും സുപ്രീംകോടതി അന്ത്യശാസനം നൽകിയതോടെ എല്ലായിടത്തും സ്ഥാപിക്കുകയായിരുന്നു.
46 കോടി ചെലവിൽ 520 സ്റ്റേഷനുകളിലും നാലുമാസത്തിനകം കാമറാനിരീക്ഷണം സജ്ജമാക്കാൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ടെലികമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിനാണ് (ടി.സി.ഐ.എൽ) കരാർ നൽകിയത്. മനുഷ്യാവകാശം ലംഘിച്ചെങ്കിൽ ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങൾ ഇരയ്‌ക്ക് ആവശ്യപ്പെടാമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
ആധുനിക ക്യാമറകൾ
ഓരോ സ്റ്റേഷനിലും രാത്രി ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശേഷിയുള്ള 13 കാമറ.
ശബ്ദം റെക്കാഡ് ചെയ്യാൻ മികച്ച മൈക്രോഫോൺ.
ദൃശ്യങ്ങൾ എൻക്രിപ്റ്റഡായിരിക്കും. കൃത്രിമം കാട്ടാനാവില്ല.
ദൃശ്യങ്ങൾ തുറക്കാൻ ജില്ലാ പൊലീസ് മേധാവിയുടെ പാസ്‌വേഡ്
കാമറ കേടായാൽ ആറുമണിക്കൂറിനകം അറ്റകുറ്റപ്പണി നടത്തണം.
ദൃശ്യങ്ങളും ശബ്ദവും 18മാസം സൂക്ഷിക്കണം.
ക്യാമറകൾ ഓഫ് ചെയ്യുന്നില്ലെന്ന് എസ്.എച്ച്.ഒ ഉറപ്പാക്കണം.
ചിത്രീകരണം തടസപ്പെടാതിരിക്കാൻ ഇൻവെർട്ടർ.
എല്ലാം കാണും
സ്റ്റേഷനുകളുടെ പ്രവേശനകവാടം, പുറത്തേക്കുള്ള വഴികൾ, റിസപ്ഷൻ, ലോക്കപ്പുകൾ, ഇടനാഴികൾ, ഇൻസ്പെക്ടറുടെയും സബ് ഇൻസ്പെക്ടർമാരുടെയും മുറികൾ, ലോക്കപ്പിന്റെ പുറംഭാഗം, സ്റ്റേഷൻ ഹാൾ, സ്റ്റേഷന്റെ പരിസരം, ഡ്യൂട്ടി ഓഫീസറുടെ മുറി, കുറ്റാരോപിതരെ ഇരുത്തുന്ന മുറികൾ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |