ന്യൂഡൽഹി : മുല്ലപ്പെരിയാറിനു സമീപത്തെ വനമേഖലയിലെ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് നൽകിയ അപേക്ഷയിൽ കേരളം രണ്ടാഴ്ചയ്‌ക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. പ്രധാന അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
കേരളത്തിന്റെ ശുപാർശ ലഭിച്ചശേഷം കേന്ദ്രസർക്കാർ മൂന്നാഴ്ചയ്‌ക്കകം തീരുമാനമെടുക്കണം. മരം മുറിക്കുള്ള അന്തിമാനുമതി നൽകേണ്ടത് കേന്ദ്രമാണ്. മേഖലയിലെ 23 മരങ്ങൾ മുറിക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. പഴയ അപേക്ഷ കേരളം തള്ളിയതോടെ ഇക്കഴിഞ്ഞ മേയ് 14ന് പുതിയത് നൽകിയിരുന്നു. തീരുമാനമെടുക്കാൻ 35 ദിവസം സമയമുണ്ടെന്ന് കേരളം വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. മരങ്ങൾ മുറിക്കണമെങ്കിൽ കേന്ദ്രസർക്കാരിന് പുതിയ അപേക്ഷ നൽകണമെന്നും, തമിഴ്നാട് മുൻപ് നൽകിയ അപേക്ഷ പര്യാപ്‌തമല്ലെന്നും സംസ്ഥാന സർക്കാർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അടക്കം ഉന്നയിച്ചുള്ള ഹർജികൾക്കൊപ്പമാണ് തമിഴ്നാടിന്റെ ഹർജിയും സുപ്രീംകോടതി പരിഗണിച്ചത്.
റോഡ് അറ്റകുറ്റ
പണിക്കും അനുമതി
ഡാമിലെ നവീകരണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികളെയും ഉപകരണങ്ങളും കൊണ്ടുപോകാൻ റോഡ് അറ്റകുറ്റപണിക്കും, പെരിയാറിൽ നിരീക്ഷണത്തിന് പുതിയ ബോട്ട് അനുവദിക്കുന്നതിനും കോടതി അനുമതി നൽകി. കേരളം റോഡ് നിർമ്മിക്കണം. തമിഴ്നാട് ചെലവ് വഹിക്കണം. നാലാഴ്ച സമയമാണ് ഇതിന് അനുവദിച്ചത്. അറ്റകുറ്റപണിക്ക് കേരളം സഹകരിക്കുന്നില്ലെന്ന് തമിഴ്നാട് പരാതി ആവർത്തിച്ചപ്പോൾ കേരളവും ശക്തമായ വാദമുഖങ്ങളിലേക്ക് കടക്കാനൊരുങ്ങി. ഇതോടെ, രാഷ്ട്രീയ വാദം കേൾക്കില്ലന്ന് സുപ്രീംകോടതി നിലപാടെടുത്തു.
കേരളത്തിന് തിരിച്ചടി
അല്ലെന്ന് മന്ത്രി റോഷി
തൊടുപുഴ: മുല്ലപ്പെരിയാർ പ്രശ്നത്തിലുള്ള സുപ്രീം കോടതി നിർദേശങ്ങൾ കേരളത്തിന് തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഡാമിന്റെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതാണ് കോടതി പരിഗണിച്ചത്. പുതിയ
ഡാമെന്ന ആശയത്തിൽ കേരളം ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. തമിഴ്നാടിന് ആവശ്യമായ ജലവും ഉറപ്പാക്കും. മരംമുറി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്. ഇക്കാര്യത്തിൽ കേരളത്തിന്റെ നിർദ്ദേശങ്ങൾ അറിയിക്കും. വന്യജീവി സങ്കേതമായതിനാൽ ഡാമിലേക്കുള്ള റോഡിന്റെ നിർമ്മാണം പരിസ്ഥിതി സൗഹാർദപരമായേ നടക്കൂ. ബി.എം.ബി.സി നിലവാരത്തിൽ റോഡ് നിർമ്മിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |