കൊച്ചി: സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ അദ്ധ്യാപക പുനർവിന്യാസം റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
2023-24 ലെ കുട്ടികളുടെ കണക്കനുസരിച്ച് അധികമെന്ന് കണക്കാക്കി 300 ലധികം അദ്ധ്യാപകരെ സ്ഥലംമാറ്റിയത് റദ്ദാക്കിയ ഉത്തരവിനാണ് സ്റ്റേ. സർക്കാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് നടപടി.
31 അദ്ധ്യാപകർ നൽകിയ ഹർജിയിൽ ഏപ്രിൽ 30നായിരുന്നു ട്രൈബ്യൂണലിന്റെ ഉത്തരവ്. അവരെ നിലവിലെ സ്ഥലത്ത് തുടരാൻ അനുവദിക്കണമെന്നും പൊതുസ്ഥലംമാറ്റത്തിന് പരിഗണിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വിഷയം 22 ന് വീണ്ടും പരിഗണിക്കും.
അദ്ധ്യാപക സ്ഥലംമാറ്റം സമയബന്ധിതമായി
പൂർത്തിയാകും: മന്ത്രിശിവൻകുട്ടി
തിരുവനന്തപുരം: ഹയർ സെക്കൻഡറി അദ്ധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്രേ ചെയ്തതോടെ ഈ വർഷത്തെ സ്ഥലംമാറ്റ പ്രക്രിയ സമയബന്ധിതമായി പൂർത്തിയാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇന്ന് മുതൽ പ്രൊവിഷണൽ ലിസ്റ്റ് കൈറ്റ് ട്രാൻസ്ഫർ പോർട്ടലിൽ പ്രസിദ്ധീകരിക്കും.
ഹൈക്കോടതി വിധി സ്വാഗതം ചെയ്ത മന്ത്രി
ജനറൽ ട്രാൻസ്ഫർ പ്രക്രിയ അട്ടിമറിക്കാനുള്ള നിക്ഷിപ്തതാത്പര്യക്കാരുടെ ശ്രമങ്ങളെ ശക്തമായി നേരിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ 2023- 24 ലെ കുട്ടികളുടെ കണക്കനുസരിച്ച് അധികമെന്ന് കണക്കാക്കിയ മുന്നൂറിലധികം അദ്ധ്യാപകരെ സ്ഥലംമാറ്റിയ നടപടിയാണ് അഡ്മിനിസ്ട്രേറ്രീവ് ട്രിബ്യൂണൽ റദ്ദാക്കിയത്. ഈ വിധിയാണ് ഇപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തത്. കുട്ടികൾ കുറവെന്ന പേരിൽ അദ്ധ്യാപകരെ സ്ഥലംമാറ്റി മാർച്ച് 11 ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ അദ്ധ്യാപകർ ഫയൽ ചെയ്ത ഹർജികളിലായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധി.
എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒ.ബി.സി സംവരണം നടപ്പാക്കണം :വിശ്വകർമ്മ ഐക്യവേദി
തിരുവനന്തപുരം: സർക്കാർ സ്കൂളുകൾക്കൊപ്പം എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലും ഒ.ബി.സി സംവരണം നടപ്പാക്കണമെന്ന നിയമം നിലനിൽക്കെ അതിനെ കാറ്റിൽ പറത്തിയാണ് പല എയ്ഡഡ് സ്കൂളുകളും അഡ്മിഷൻ നടത്തുന്നതെന്ന് വിശ്വകർമ ഐക്യവേദി ചെയർമാൻ ഡോ.ബി രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ 845 എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ മാത്രം 19,4845 സീറ്റുകളുണ്ട്. അതിൽ 28% മാണ് എല്ലാ ഒ.ബി.സി വിഭാഗത്തിനുമായുള്ളത്.
54557 ഒ.ബി.സി കുട്ടികൾക്ക് ഇതനുസരിച്ച് അഡ്മിഷൻ കിട്ടേണ്ടതുണ്ട്.
സ്വന്തമായി സ്കൂളുകളും കോളേജുകളും ഇല്ലാത്ത വിശ്വകർമ്മ സമൂഹത്തെയാണ് ഇത് ഏറ്റവും അധികം ബാധിക്കുന്നത്. 2ശതമാനം മാത്രം സംവരണമുള്ള വിശ്വകർമ്മ സമുദായത്തിന് ഇതിൽ 3897 കുട്ടികൾക്ക് അഡ്മിഷൻ കിട്ടേണ്ടതുണ്ട്. നല്ല രീതിയിൽ മാർക്ക് നേടുന്ന വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പോലും ഇഷ്ടപ്പെട്ട സയൻസ് ഗ്രൂപ്പും മറ്റും കിട്ടാതെ വരുന്നു. വിദ്യാഭ്യാസ മന്ത്രിയും വകുപ്പും ഈ അനീതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |