മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കിരീടമുറപ്പിച്ച ബാഴ്സലോണയ്ക്ക് സീസണിലെ 37-ാമത് മത്സരത്തിൽ തോൽവി. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിയ്യാറയലാണ് ബാഴ്സയെ തോൽപ്പിച്ചത്. നാലാം മിനിട്ടിൽ അയോസെ പെരെസിലൂടെ വിയ്യാറയലാണ് ബാഴ്സയുടെ തട്ടകത്തിൽ ആദ്യം മുന്നിലെത്തിയത്. 38-ാം മിനിട്ടിൽ ലാമിൻ യമാലും 45+5-ാം മിനിട്ടിൽ ഫെർമിൻ ലോപ്പസും നേടിയ ഗോളുകൾക്ക് ആദ്യ പകുതിയിൽ ബാഴ്സ മുന്നിട്ടുനിന്നിരുന്നു.എന്നാൽ 50-ാം മിനിട്ടിൽ സാന്റി കൊമേസേനയും 80-ാം മിനിട്ടിൽ താജോൺ ബുക്കാനനും നേടിയ ഗോളുകൾക്ക് വിയ്യാറയൽ വിജയം കണ്ടു. കഴിഞ്ഞ മത്സരത്തോടെ ചാമ്പ്യൻപട്ടം നേടിക്കഴിഞ്ഞ ബാഴ്സയുടെ സീസണിലെ ആറാമത്തെ തോൽവിയാണിത്. അടുത്തയാഴ്ച അത്‌ലറ്റിക് ക്ളബുമായാണ് ബാഴ്സയുടെ സീസണിലെ അവസാന മത്സരം.
അതേസമയം രണ്ടാം സ്ഥാനത്താവേണ്ടിവന്ന റയൽ മാഡ്രിഡ് കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് 2-0ത്തിന് സെവിയ്യയെ കീഴടക്കി.ആദ്യപകുതിയുടെ തുടക്കത്തിൽ ലോയ്ക് ബേയ്ഡും രണ്ടാം പകുതിയുടെ തുടക്കത്തിൽ ഐസക് റൊമേറോയും ചുവപ്പുകാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് 9 പേരുമായാണ് സെവിയ്യ കളിച്ചത്. എന്നിട്ടും 75-ാം മിനിട്ടിൽ എംബാപ്പെയിലൂടെയാണ് റയലിന് ആദ്യ ഗോളടിക്കാൻ കഴിഞ്ഞത്.87-ാം മിനിട്ടിൽ ജൂഡ് ബെല്ലിംഗ്ഹാം രണ്ടാം ഗോളും നേടി.
37 മത്സരങ്ങളിൽ നിന്ന് 81 പോയിന്റാണ് റയലിനുള്ളത്. ബാഴ്സയ്ക്ക് 85 പോയിന്റും. റയൽ ബെറ്റിസിനെ 4-1ന് തോൽപ്പിച്ച് 73 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാമതുണ്ട്. അടുത്തയാഴ്ച റയൽ അവസാനമത്സരത്തിൽ സോസിഡാഡിനെയും അത്‌ലറ്റിക്കോ ജിറോണയേയും നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |