ലക്നൗ: ഐപിഎല്‍ 18ാം സീസണില്‍ നിന്ന് പ്ലേ ഓഫ് കാണാതെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് പുറത്ത്. നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറ് വിക്കറ്റിനാണ് ലക്‌നൗവിനെ തോല്‍പ്പിച്ചത്. 206 റണ്‍സ് വിജയലക്ഷ്യം 19ാം ഓവറില്‍ എസ്ആര്‍എച്ച് മറികടക്കുകയായിരുന്നു. ഇന്നിംഗ്‌സിന്റെ ഒരു ഘട്ടത്തിലും ഹൈദരാബാദ് ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ലക്‌നൗവിന് കഴിഞ്ഞില്ല.
206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് മികച്ച തുടക്കമാണ് ഓപ്പണര്‍ അഭിഷേക് ശര്‍മ്മ നല്‍കിയത്. 20 പന്തുകളില്‍ നിന്ന് ആറ് സിക്‌സറുകളും നാല് ബൗണ്ടറിയും സഹിതം 59 റണ്‍സാണ് ഇടങ്കയ്യന്‍ അടിച്ചെടുത്തത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 35(28), ഹെയ്ന്റിച്ച് ക്ലാസന്‍ 47(28), പരിക്കേറ്റ് മടങ്ങിയ കാമിന്ദു മെന്‍ഡിസ് 32(21) എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങള്‍ ഹൈദരാബാദിന് അനായാസ ജയമൊരുക്കുകയായിരുന്നു. അനികേത് വര്‍മ്മ, നിധീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ അഞ്ച് റണ്‍സ് വീതമെടുത്ത് പുറത്താകാതെ നിന്നു.
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും പുറത്തായതോടെ പ്ലേ ഓഫിലേക്കുള്ള നാലാമത്തെ ടീമാകാനുള്ള പോരാട്ടം മുംബയ് ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലായി. ബുധനാഴ്ച മുംബയില്‍ നടക്കുന്ന മുംബയ് -ഡല്‍ഹി പോരാട്ടത്തില്‍ വിജയിക്കുന്ന ടീം പ്ലേ ഓഫിലേക്ക് മുന്നേറും. ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകള്‍ നേരത്തെ തന്നെ അവസാന നാലിലേക്ക് മുന്നേറിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ലക്നൗ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍മാരായ എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ് സഖ്യത്തിന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിന്റെ അടിത്തറയിലാണ് എല്‍എസ്ജി മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍ ഇരുവരും നല്‍കിയ തുടക്കം കൃത്യമായി മദ്ധ്യനിര മുതലാക്കിയിരുന്നുവെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു.
ഒന്നാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷ് 65(39) എയ്ഡന്‍ മാര്‍ക്രം 61(38) സഖ്യം 63 പന്തുകളില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ശേഷമാണ് പിരിഞ്ഞത്.
മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്ത് 7(6) ഒരിക്കല്‍ക്കൂടി നിറം മങ്ങി. നാലാമനായി ക്രീസിലെത്തിയ നിക്കോളാസ് പൂരന്‍ 45(26) മാത്രമാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ആയുഷ് ബദോനി 3(5), അബ്ദുള്‍ സമദ് 3(6), ഷാര്‍ദുല്‍ ഠാക്കൂര്‍ 4(1), എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍. ആകാശ് ദീപ് 6*(1), രവി ബിഷ്ണോയ് 0*(0) എന്നിവര്‍ പുറത്താകാതെ നിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |