കോട്ടയത്തെ എം.പി മാരും എം.എൽ.എമാരും നാട്ടിലെ വികസന നേട്ടങ്ങളുടെ 'പിതൃത്വം' ഏറ്റെടുക്കാൻ നടത്തുന്ന മത്സരം കാണുമ്പോൾ നാട്ടിൽ ആർക്ക് ഗർഭം ഉണ്ടായാലും 'അത് ഞമ്മളുടേതാണെന്ന് ' ഞെളിഞ്ഞു നിന്നു പറയുന്ന വൈക്കം മുഹമ്മദ് ബഷീിന്റെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തെയാണ് ഓർമ വരുന്നത്.
നാട്ടിൽ എന്തു വികസന പ്രവർത്തനം വന്നാലും അതു തങ്ങളുടെ നേട്ടമാക്കി എങ്ങനെയും വോട്ടാക്കി മാറ്റാൻ എം.പിയും എം.എൽ.എയും മത്സരിക്കുന്നത് സ്വാഭാവികമാണ്. പൊതു സ്ഥലത്ത് ഫ്ലക്‌സ് ബോ ർഡ് വച്ചാൽ പിഴ ഈടാക്കുമെന്നുള്ള ഹൈക്കോടതി വിധി വന്നതോടെ'ഫ്ലക്സ് വികസനമത്സരം' കുറഞ്ഞു. വാർത്താ സമ്മേളനവും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള യുദ്ധവുമാണ് പിന്നെ നടത്താൻ കഴിയുക.
മറ്റു ജില്ലകളിൽ നിന്നു വ്യത്യസ്ഥമായി കോട്ടയത്ത് രാജ്യസഭയിലും ലോക് സഭയിലുമായി എം.പിമാർ രണ്ടാണ്. രാജ്യ സഭാ എം.പിക്ക് മണ്ഡല പരിധി ഇല്ലാത്തതിനാൽ എന്തു വികസനവും തന്റേതാണെന്നു പറയാം. ജോസ് കെ മാണി ലോക് സഭാംഗമായപ്പോൾ ആരംഭിച്ചതാണ് കുറവിലങ്ങാട് സയൻസ് സിറ്റി നിർമാണം. ഉദ്ഘാടനം നടക്കുന്നത് വർഷങ്ങൾക്കു ശേഷം രാജ്യസഭാ എം.പിയായപ്പോഴാണെന്നു മാത്രം. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം എക്സിക്യൂട്ടീവ് ചെയർമാൻ കൂടിയായ മോൻസ് ജോസഫിന്റെ കടുത്തുരുത്തി മണ്ഡലത്തിലാണ് സയൻസ് സിറ്റി. ഇതിന്റെ പിതൃത്വത്തെ ചൊല്ലി രണ്ടു പേരും മത്സരിക്കുന്നതിനിടയിൽ മോൻസിന് കൂട്ടായി ഫ്രാൻസിസ് ജോർജ് എം.പിയും രംഗത്തെത്തി. ബി.ജെ.പി സർക്കാരിന്റെ കാലത്ത് നിർമാണം തുടങ്ങി പൂർത്തീകരിച്ചതിനാൽ ബി.ജെ.പിയും അവകാശമുന്നയിച്ചു കളത്തിലിറങ്ങിയതോടെ എട്ടുകാലി മമ്മൂഞ്ഞുമാരുടെ എണ്ണം കൂടി.
സയൻസ് സിറ്റി യാഥാർത്ഥ്യമാക്കാൻ പോരാട്ട രേഖ വരെ മോൻസ് ഇറക്കി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 50 ശതമാനം വീതം ഫണ്ട് വിനിയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതെങ്കിലും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അനുവദിച്ച് പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ ഒന്നാംഘട്ടം പൂർത്തിയാക്കുന്നത് വരെ സർവ്വേ മുതൽ ഓരോ കാലഘട്ടത്തിലെ വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽ സയൻസ് സിറ്റിയുടെ പണി പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിന് വേണ്ടി നിയമസഭയിൽ നിരന്തരം പോരാട്ടം നടത്തിയെന്ന അവകാശവാദങ്ങളുള്ള രേഖകളാണ് മോൻസ് പുറത്തുവിട്ടത്. സയൻസ് സിറ്റി തന്റെ കുഞ്ഞാണെന്നാണ് ജോസ് കെ മാണി അവകാശപ്പെട്ടത്. ഫ്രാൻസിസ് ജോർജ് എം.പിയും സയൻസ് സിറ്റി പൂർത്തീകരണത്തിന് പാർലമെന്റിൽ നടത്തിയ പോരാട്ട കഥകളുമായി രംഗത്തുണ്ട്. പിതാക്കന്മാർ ഏറെയാണെങ്കിലും പല കാരണങ്ങളാൽ വർഷങ്ങളായി ഇട്ടുതല്ലിക്കിടന്ന സയൻസ് സിറ്റി യാഥാർത്ഥ്യമായല്ലോ എന്ന ആശ്വാസത്തിൽ ജനപ്രതിനിധികളുടെ കോപ്രായങ്ങൾ കണ്ടു ചിരിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |