താൻ വിവാഹിതയാകാൻ പോകുന്ന വിവരം അവതാരകയും ബിഗ് ബോസ് താരവുമായ ആര്യ ബാബു രണ്ട് ദിവസം മുമ്പ് ആരാധകരെ അറിയിച്ചിരുന്നു. ആർ ജെയും ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനെയാണ് ആര്യ വരനായി തിരഞ്ഞെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ വിവാഹ നിശ്ചയ ചിത്രവും ഇരുവരും പങ്കുവച്ചിരുന്നു. ഇതിനുതാഴെ നിരവധി പേർ ഇരുവർക്കും ആശംസകളറിയിച്ചിരുന്നു.
വിവാഹ തീയതിയൊന്നും ആര്യ പുറത്തുവിട്ടിരുന്നില്ല. എൻഗേജ്‌മെന്റ് ഫോട്ടോയ്ക്ക് താഴെ എപ്പോഴാണ് വിവാഹമെന്ന് ആരാധകർ ചോദിച്ചിരുന്നു. ഇപ്പോഴിതാ കല്യാണത്തെക്കുറിച്ച് പറയാൻ തങ്ങൾ ഒന്നിച്ച് മീഡിയയുടെ മുന്നിൽ വരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സിബിൻ.
'ഞാനും ആര്യയും ഒരുമിച്ച് നിങ്ങളെ കാണാൻ വരുന്നുണ്ട്. കല്യാണത്തിന്റെ വിശേഷങ്ങളൊക്കെ അപ്പോൾ സംസാരിക്കാം. എല്ലാം ഞങ്ങളിനി ഒന്നിച്ചാണല്ലോ. അപ്പോൾ ഒരുമിച്ച് പറയാം.'- സിബിൻ പറഞ്ഞു. പ്രണയത്തിന്റെ തുടക്കമെങ്ങനെയായിരുന്നുവെന്ന ചോദ്യത്തിന് 'നിന്റെയടുത്തല്ലേ പറഞ്ഞത് ഒന്നിച്ചുപറയാം' എന്നും സിബിൻ ചിരിയോടെ പറഞ്ഞു.
ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നു ആര്യയും സിബിനും. സൗഹൃദം പ്രണയത്തിൽ കലാശിക്കുകയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഞാൻ ഏറ്റവും വേഗത്തിലെടുത്ത തീരുമാനത്തിലൂടെ എന്റെ ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലെത്തി എന്നും മകൾ ഖുഷി സിബിനെ ഡാഡിയെന്നാണ് വിളിക്കുന്നതെന്നും ആര്യ കുറിപ്പിൽ പറഞ്ഞിരുന്നു. ആദ്യ വിവാഹത്തിൽ സിബിനും ഒരു കുട്ടിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |