ന്യൂഡൽഹി: ജുഡിഷ്യൽ സർവീസിൽ മുൻസിഫ്, മജിസ്ട്രേറ്റ് (സിവിൽ ജഡ്ജ്- ജൂനിയർ ഡിവിഷൻ) തുടങ്ങിയ എൻട്രി ലെവൽ തസ്തികയിലേക്ക് നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാൻ മൂന്നുവർഷത്തെ അഭിഭാഷക പ്രാക്ടീസ് നിർബന്ധമാക്കി സുപ്രീംകോടതി. 2002ൽ ഒഴിവാക്കിയ വ്യവസ്ഥയാണ് പുന:സ്ഥാപിച്ചത്. താത്കാലിക എൻറോൾമെന്റ് തീയതി മുതൽ പ്രാക്ടീസ് കാലയളവ് കണക്കാക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസുമാരായ എ.ജി.മാസിഹ്, കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
ഇതിനായി ഹൈക്കോടതികളും സംസ്ഥാന സർക്കാരുകളും സർവീസ് നിയമങ്ങൾ ഭേദഗതി ചെയ്യണം. ഹൈക്കോടതികൾ നിലവിൽ ആരംഭിച്ച നിയമന പ്രക്രിയകൾക്ക് വിധി ബാധകമല്ല.
അഭിഭാഷകരായി ഒരു ദിവസംപോലും പ്രാക്ടീസ് ചെയ്യാത്തവർ നേരിട്ട് ജുഡിഷ്യൽ ഓഫീസർമാരായി നിയമിക്കപ്പെട്ടത് നല്ല അനുഭവമായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അനുഭവപരിചയം കുറവായതു കാരണം നിരവധി പ്രശ്‌നങ്ങളുണ്ടായി.
ജഡ്ജിമാർ അധികാരമേറ്റ ദിവസം മുതൽ പരാതിക്കാരുടെ ജീവിതം, സ്വാതന്ത്ര്യം, സ്വത്ത് തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. കോടതിയുടെ പ്രവർത്തനത്തെയും നീതിന്യായ വ്യവസ്ഥയെയും കുറിച്ച് നേരിട്ടുള്ള അനുഭവത്തിനുപകരം നിയമ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള അറിവോ പ്രീ-സർവീസ് പരിശീലനമോ പര്യാപ്തമല്ല. കോടതിയുടെ പ്രവർത്തനങ്ങളും അഭിഭാഷകരും ജഡ്ജിമാരും ജോലിചെയ്യുന്നതും കണ്ടുപഠിക്കുമ്പോഴാണ് അറിവുണ്ടാകുന്നത്. ജഡ്ജിയുടെ സങ്കീർണതകൾ മനസിലാക്കാൻ ഉദ്യോഗാർത്ഥികൾ സജ്ജരായിരിക്കണം.
അനുഭവ പരിചയ
സർട്ടിഫിക്കറ്റ്
1.അപേക്ഷകർ അനുഭവപരിചയം തെളിയിക്കാൻ ബന്ധപ്പെട്ട കോടതിയിലെ പ്രിൻസിപ്പൽ ജുഡിഷ്യൽ ഓഫീസറോ പത്തുവർഷമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനോ സാക്ഷ്യപ്പെടുത്തണം. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമാണെങ്കിൽ കോടതി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണം
2.ജഡ്‌ജിമാരുടെയോ ജുഡിഷ്യൽ ഓഫീസർമാരുടെയോ കീഴിൽ നിയമ ക്ലാർക്കായി ജോലിചെയ്ത പരിചയവും അഭിഭാഷകവൃത്തിക്കൊപ്പം പരിഗണിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |