തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ വി.സിയുടെ അനുമതിയില്ലാതെ പരിശോധന നടത്തിയതിന് ഗവർണർ വിളിപ്പിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡി.സെക്രട്ടറി സി.അജയൻ രാജ്ഭവനിലെത്തിയില്ല. ഹാജരാവുന്നതിന് സർക്കാരിന്റെ അനുമതി നേടാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ഗവർണറുടെ സെക്രട്ടറി ചീഫ്സെക്രട്ടറിക്ക് കത്ത് നൽകി. സർവകലാശാലകളെക്കുറിച്ചുള്ള പരാതികളിൽ സർക്കാരിന് അന്വേഷണം നടത്താമെന്നു വ്യവസ്ഥ ചെയ്യുന്ന ബിൽ നിയമമാവും മുൻപേ ആ അധികാരം പ്രയോഗിച്ചതിനാണ് ഗവർണർ ഉദ്യോഗസ്ഥനെ വിളിപ്പിച്ചത്.
സാങ്കേതിക സർവകലാശാലയിലെ പിഎച്ച്ഡി പ്രവേശനത്തിലെ പരാതി അന്വേഷിക്കാനായിരുന്നു ഉദ്യോഗസ്ഥനെത്തിയത്. രേഖകൾ പരിശോധിക്കുകയും ചെയ്തു. വി.സി ഇക്കാര്യം റിപ്പോർട്ട് ചെയ്തതനുസരിച്ചാണ് ഗവർണർ നടപടിയെടുത്തത്. സർക്കാരിന്റെ അനുമതിയില്ലാതെ രാജ്ഭവനിലെത്താനാവില്ലെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചതായാണ് വിവരം. ഉന്നതവിദ്യാഭ്യാസ മന്ത്രിക്കോ മന്ത്രി നിയോഗിക്കുന്ന ഉദ്യോഗസ്ഥനോ സർവകലാശാലകളിൽ പരിശോധന നടത്താൻ അധികാരം നൽകുന്ന ബിൽ നിയമസഭ പാസാക്കിയിരുന്നു. ഇതിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. പിഎച്ച്ഡി പ്രവേശനം ലഭിക്കാത്തത് സംബന്ധിച്ച് സർവകലാശാല മുൻ സിൻഡിക്കേറ്റംഗം ആഷിഖ് ഇബ്രാഹിംകുട്ടിയാണ് മന്ത്രിക്ക് പരാതി നൽകിയിരുന്നത്.
അതേസമയം, അന്വേഷണത്തിന് ബില്ലുമായി ബന്ധമില്ലെന്നും സർവകലാസാലയുടെ വീഴ്ച സർക്കാരിന് അന്വേഷിക്കാമെന്ന് സാങ്കേതിക സർവകലാശാല നിയമത്തിലുണ്ടെന്നുമാണ് സർക്കാർ പറയുന്നത്. പരാതി പ്രിൻസിപ്പൽ സെക്രട്ടറി രജിസ്ട്രാർക്കയച്ചിട്ടും മറുപടിയില്ലാത്തതിനാലാണ് ഉദ്യോഗസ്ഥൻ നേരിട്ടെത്തി പരിശോധിച്ചതെന്നും വിശദീകരിച്ചു. നേരത്തേ ,ഡിജിപിയെയും ചീഫ്സെക്രട്ടറിയെയും ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്ക് വിളിപ്പിച്ചിട്ടും ഇരുവരും പോയിരുന്നില്ല.
വി.സി നിയമനം:
അപ്പീലിന് നിർദ്ദേശിച്ച് ഗവർണർ
തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വി.സി നിയമനം സർക്കാർ നൽകുന്ന പാനലിൽ നിന്നാവണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകാൻ ഗവർണർ ആർ.വി ആർലേക്കർ നിർദ്ദേശിച്ചു. വെള്ളിയാഴ്ച അപ്പീൽ ഫയൽ ചെയ്തേക്കും. യു.ജി.സി മാനദണ്ഡപ്രകാരവും സുപ്രീംകോടതി ഉത്തരവു പ്രകാരവും ചാൻസലർക്കാണ് വി.സി നിയമനത്തിന് അധികാരമെന്നും സർക്കാരിന് ഇതിൽ പങ്കില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടും. വി.സി നിയമനത്തിൽ സർക്കാരിന്റെ ഇടപെടൽ പാടില്ലെന്ന സുപ്രീംകോടതി വിധിയും ചാൻസലർക്ക് സ്വതന്ത്രസ്വഭാവത്തോടെ സ്വന്തം അധികാരമുപയോഗിച്ച് വി.സിമാരെ നിയമിക്കാമെന്നുമുള്ള സുപ്രീംകോടതി ഉത്തരവുകൾ അപ്പീലിൽ ചൂണ്ടിക്കാട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |