കേരളത്തിൽ നഴ്സിംഗ്, അലൈഡ് ഹെൽത്ത് സയൻസ് ബിരുദ പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബി.എസ്സി നഴ്സിംഗ്, ബി.എസ്സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി, ഒപ്ടോമെട്രി, ഫിസിയോതെറാപ്പി, ആഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളജി,ഡയാലിസിസ് ടെക്നോളജി, ഒക്യുപേഷണൽ തെറാപ്പി, കാർഡിയോ വാസ്കുലർ ടെക്നോളജി, മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ന്യൂറോ ടെക്നോളജി, ന്യൂക്ളിയർ മെഡിസിൻ, മെഡിക്കൽ ബയോ കെമിസ്ട്രി, പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ്
തുടങ്ങിയ കോഴ്സുകൾക്ക് അപേക്ഷിക്കാം.
നാല്, മൂന്ന് വർഷം കാലയളവുള്ള കോഴ്സുകളാണ്. 6 മാസം മുതൽ ഒരു വർഷം വരെയുള്ള ഇന്റേൺഷിപ് പ്രോഗ്രാമുകളുമുണ്ട്. പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബയോളജി ഗ്രൂപ്പെടുത്തവർക്കും, കണക്ക് പഠിച്ചവർക്കും അപേക്ഷിക്കാവുന്ന കോഴ്സുകളുണ്ട്. പ്ലസ് ടുവിന് 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. ഓരോ കോഴ്സിനുമുള്ള യോഗ്യത പ്രോസ്പെക്ടസിലുണ്ട്. അപേക്ഷകർക്ക് 17 വയസ് പൂർത്തിയാക്കിയിരിക്കണം. നഴ്സിംഗിനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. പാരമെഡിക്കൽ വിഭാഗത്തിൽ സർവീസ് ക്വോട്ടയിൽ പെട്ടവർക്ക് ഉയർന്ന പ്രായപരിധി 40.
പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. എൽ.ബി.എസ് സെന്റർ ഫോർ സയൻസ് & ടെക്നോളജിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂൺ നാലു വരെ അപേക്ഷ ഫീസടച്ച് ജൂൺ എഴിനകം ഓൺലൈനായി അപേക്ഷിക്കാം. www.lbscentre.kerala.gov.in.
പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, ഐ.എച്ച്.ആർ.ഡി, കേപ്, സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്ക് സംസ്ഥാനടിസ്ഥാനത്തിൽ പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/സി.ബി.എസ്.ഇ / മറ്റ് തുല്യ പരീക്ഷകളിൽ ഉപരി പഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിംഗ് സ്ട്രീമിലേക്കും (സ്ട്രീം.1) കണക്ക്, ഇംഗ്ലീഷ്എന്നിവ പഠിച്ചവർക്ക് മാനേജ്മെന്റ് സ്ട്രീമിലേക്കും (സ്ട്രീം.2) അപേക്ഷിക്കാം. സിബിഎസ്ഇ പാസ്സായവരിൽ മാത്തമാറ്റിക്സ് ബേസിക് തിരഞ്ഞെടുത്തവർ അപേക്ഷിക്കേണ്ടതില്ല.
പൊതുവിഭാഗങ്ങൾക്ക് 200 രൂപയും, പട്ടികജാതി/പട്ടികവർഗ്ഗവിഭാഗങ്ങൾക്ക് 100 രൂപയുമാണ്അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org വെബ്സൈറ്റിൽ വൺ ടൈം രജിസ്ട്രേഷൻ ചെയ്ത് ഫീസടയ്ക്കണം. തുടർന്നു മാത്രമേ വിവിധ സർക്കാർ / സർക്കാർ എയ്ഡഡ് / ഐഎച്ച്ആർഡി / കേപ് / സ്വാശ്രയപോളിടെക്നിക് കോളേജുകളിലേക്കും എൻസിസി / സ്പോർട്സ് ക്വാട്ടകളിലേക്കും അപേക്ഷിക്കാനാവൂ. എൻസിസി / സ്പോർട്സ് ക്വാട്ടയിൽ അപേക്ഷിക്കുന്നവർ ഓൺലൈൻ ആയി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ് യഥാക്രമം എൻസിസി ഡയറക്ടറേറ്റിലേക്കും ഓഫീസിലേക്കും അയയ്ക്കണം. വിവരങ്ങൾക്ക്: www.polyadmission.org.
ഓർമിക്കാൻ...
സി.യു.ഇ.ടി യു.ജി അക്കൗണ്ടൻസി പരീക്ഷ:- മേയ് 13നും 16നും ഇടയിൽ നടന്ന സി.യു.ഇ.ടി യു.ജി 2025 അക്കൗണ്ടൻസി പരീക്ഷയിൽ നിർദിഷ്ട സിലബസിനു പുറമേയുള്ള ചോദ്യങ്ങൾ വന്നതിനാൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. വിശദ വിവരങ്ങൾക്ക് nta.ac.in, cuet.nta.nic.in.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷാ ഫലം: ഇന്ത്യൻ ഫോറസ്റ്റ് സർവീസ് 2024 പരീക്ഷാ ഫലം യു.പി.എസ്.സി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: upsc.gov.in.
നിംഹാൻസിൽ നഴ്സിംഗ്, അലൈഡ് ഹെൽത്ത്:
ബംഗളൂരു നിംഹാൻസിൽ ബി.എസ്സി നഴ്സിംഗ്, ബി.എസ്സി അനസ്തേഷ്യ ടെക്നോളജി, ബി.എസ്സി മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്സി ക്ലിനിക്കൽ ന്യൂറോഫിസിയോളജി ടെക്നോളജി പ്രോഗ്രാമുകളിലേക്ക് ജൂൺ 15 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.nimhand.ac.in
വാക്ക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം : മഹിളസമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കിയിലെ മറയൂർ മഹിളാ ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫ് കം കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 30 ന് രാവിലെ 11 ന് മറയൂർ സഹായഗിരി ആശുപത്രിക്ക് സമീപമുള്ള മഹിളാ ശിക്ഷൺ കേന്ദ്രത്തിലെത്തണം. വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിളസമഖ്യ സൊസൈറ്റി, റ്റി.സി 20/1652 കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം. ഫോൺ: 04712348666. വെബ്സൈറ്റ്: www.keralasamakhya.org.
തുർക്കി സർവകലാശാലയുമായുള്ള
ധാരണാപത്രം റദ്ദാക്കി
കുന്ദമംഗലം: തുർക്കിയിലെ സബാൻജി സർവകലാശാലയുമായി ഉണ്ടായിരുന്ന ധാരണാപത്രം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് കോഴിക്കോട് (ഐ.ഐ.എം.കെ) താത്കാലികമായി റദ്ദാക്കി. രാഷ്ട്രതാത്പര്യങ്ങളെ മുൻനിറുത്തിയാണ് കരാർ റദ്ദാക്കിയത്. ഇക്കാര്യം ഐ.ഐ.എം കോഴിക്കോട് സബാൻജി സർവകലാശാലയെ ഔദ്യോഗികമായി അറിയിച്ചു. അഞ്ചുവർഷത്തേക്കുള്ള ധാരണാപത്രം 2023 സെപ്തംബറിലാണ് ഒപ്പിട്ടത്. സർവകലാശാലയുമായി ബന്ധപ്പെട്ട എല്ലാ വെബ്സൈറ്റുകളിലും രേഖകളിലും സ്ഥാപനത്തിന്റെ പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടതായി ഡയറക്ടർ പ്രൊഫ. ദേഭാഷിസ് ചാറ്റർജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |