യൂറോപ്പ ലീഗ് ഫുട്ബാൾ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാമും ഏറ്റുമുട്ടുന്നു
രാത്രി 12.30 സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ
ബിൽബാവോ : യൂറോപ്യൻ വൻകരയിലെ രണ്ടാം ഡിവിഷൻ ഫുട്ബാൾ ലീഗായ യൂറോപ്പ ലീഗിന്റെ ഫൈനലിൽ മാറ്റുരയ്ക്കാൻ ഇംഗ്ളീഷ് ക്ളബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും. സ്പെയ്നിലെ ബിൽബാവോയിലാണ് കലാശക്കളി.
ഇരുപാദങ്ങളിലായി നടന്ന സെമിഫൈനലിൽ സ്പെയ്ൻകാരായ അത്‌ലറ്റിക് ക്ളബിനെ 7-0 എന്ന ആകെ ഗോൾ മാർജിനിൽ തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിലെത്തിയത്. ടോട്ടൻഹാം സെമിയുടെ ആദ്യപാദത്തിൽ നോർവീജിയൻ ക്ളബ് ബോഡോ ഗ്ളിമിറ്റിനെ 3-1നും രണ്ടാം പാദത്തിൽ 2-0ത്തിനും തോൽപ്പിച്ചിരുന്നു.
പ്രിമിയർ ലീഗിൽ ഇത്തവണ ആദ്യ 15 സ്ഥാനത്തിനുള്ളിലെത്താൻ കഴിയാതിരുന്ന ടോട്ടൻഹാമിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും അഭിമാനം നിലനിറുത്താനുള്ള മാർഗമാണ് യൂറോപ്പ ലീഗ് കിരീടം. പ്രിമിയർ ലീഗിൽ ഇതുവരെ നടന്ന 37 മത്സരങ്ങളിൽ 10 എണ്ണത്തിൽ മാത്രം ജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 39 പോയിന്റുമായി 16-ാം സ്ഥാനത്തും. 11 മത്സരം ജയിച്ചെങ്കിലും 38 പോയിന്റ് മാത്രം നേടാനായ ടോട്ടൻഹാം 17-ാം സ്ഥാനത്തും.
2016 ലെ യൂറോപ്പ ലീഗ് ജേതാക്കളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
ടോട്ടൻഹാം രണ്ട് തവണ യൂറോപ്പിലെ രണ്ടാം ഡിവിഷൻ ജേതാക്കളായിട്ടുണ്ട്. 1971-72 സീസണിലും 1983-84 സീസണിലും.
യൂറോപ്പ ലീഗ് എന്ന് പേരുമാറ്റിയശേഷം ടോട്ടൻഹാമിന് കിരീടം നേടാനായിട്ടില്ല.
ബ്രൂണോ ഫെർണാണ്ടസ്,കാസിമെറോ ,ഗർനാച്ചോ,ഹാരി മഗ്വെയർ,ഗോളി ഒനാന,ഹോയ്ലൻഡ് തുടങ്ങിയവരാണ് മാഞ്ചസ്റ്ററിന്റെ മുൻനിര താരങ്ങൾ.
സൺ ഹ്യൂംഗ് മിൻ,മതീസ് ടെൽ, മൈക്കേ മൂർ,പാപ്പെ മാതെസർ,ഗോളി കിൻസ്കി, ബെൻ ഡേവിസ് തുടങ്ങിയവരാണ് ടോട്ടൻഹാമിന്റെ കുന്തമുനകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |