തൊടുപുഴ: മറയൂർ ശർക്കര രാജ്യാന്തര വിപണി കീഴടങ്ങാനൊരുങ്ങുന്നു. ഏഷ്യൻ , അറബ് രാജ്യങ്ങൾ, യൂറോപ്പ് , അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മറയൂർ സർവീസ് സഹകരണ ബാങ്കിന്റെ മേൽനോട്ടത്തിൽ ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭാവിയിൽ വിപുലമായ വിദേശകയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി കഴിഞ്ഞയാഴ്ച ബാബൂ നഗറിലുള്ള 40 സെന്റ് സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ശർക്കര ഉത്പാദന ഫാക്ടറി പ്രവർത്തനം ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് പൊതുമേഖലയിലും,സഹകരണ മേഖലയിലുമുള്ള ആദ്യത്തെ ശർക്കര ഫാക്ടറിയാണിതെന്ന പ്രത്യേകതയുമുണ്ട്. പ്രാരംഭത്തിൽ പ്രാദേശിക വിപണികളിലും സഹകരണ സൂപ്പർ മാർക്കറ്റുകളിലും മറയൂർ ശർക്കരയും മൂല്യവർധിത ഉത്പ്പന്നങ്ങളും മധൂർ എന്ന ബ്രാൻഡിൽ എത്തിക്കും. അടുത്ത ഘട്ടത്തിൽ വിദേശ വിപണയിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ മറയൂർ ശർക്കര ഇറക്കുമതി ചെയ്യുന്നതിൽ യു. കെ, അറബ് രാഷ്ട്രങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഓപ്പൺ മാർക്കറ്റിനേക്കാൾ 500 രൂപ അധികം നൽകി കരിമ്പ് സംഭരിക്കുന്നത് കരിമ്പ് കർഷകർക്കും ഉണർവാണ്.
സംഭരണവും വിപണനവും
കൃഷിവ്യാപകമായ മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ നിന്ന് ശർക്കര ഉത്പാദനത്തിനാവശ്യമായ കരിമ്പ് ശേഖരിക്കാനാണ് തീരുമാനം. ഫാക്ടറി അടുത്തിടെയാണ് ഉദ്ഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചതെങ്കിലും കഴിഞ്ഞ ജനുവരി മുതൽ ശർക്കര ഉത്പാദനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരുന്നു. ഇതിനോടകം നാല് ടൺ ശർക്കര ഉത്പാദിപ്പിച്ചിട്ടുണ്ട്. . ഇവ സുരക്ഷിതമായി സംഭരിച്ചിരിക്കുകയാണ്. എട്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. സംരംഭം ലാഭകരമാകുന്ന മുറക്ക് ബോണസ് നൽകുന്ന കാര്യവും പരിഗണനയിലാണ്. കിലോക്ക് 210 രൂപ എന്ന നിരക്കിൽ വിപണിയിലെത്തിക്കാനാണ് തീരുമാനം. കടല മിഠായി, ശർക്കര മിഠായി തുടങ്ങിയ വിവിധ ഉല്പ്പന്നങ്ങൾക്ക് പുറമേ ഉരുണ്ട ശർക്കരക്ക് പകരമായി പല ആകൃതിയിലുള്ള ശർക്കരകളും നിർമ്മിക്കും. ഇതിനാവശ്യമായ ചെലവ് പൂർണമായും മറയൂർ സർവീസ് സഹകരണ ബാങ്കാണ് വഹിക്കുന്നത്. ജൂൺ മുതൽ ഫാക്ടറിയിൽ വ്യാപകമായ രീതിയിൽ ഉത്പാദനം ആരംഭിക്കും.
'വിദേശ വിപണി രണ്ട് വിധത്തിലാണ് ഉദ്ദേശിക്കുന്നത്. ഒന്ന് അംഗീകൃത വിതരണക്കാരെ കണ്ടെത്തി വിപണനം നടത്തുക. രണ്ടാമത്തേത് സഹകരണ സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ വിതരണം ചെയ്യാൻ രജിസ്ട്രാറുടെ കീഴിൽ പ്രവർത്തിക്കുന്ന എക്സപോർട്ട് സംവിധാനമായ പോപ്പ് മാർട്ട് വഴിയും.
ജോർജ് കുഞ്ഞപ്പൻ
(സെക്രട്ടറി മറയൂർ സർവീസ് സഹകരണ ബാങ്ക് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |