കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടെ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തുവിട്ട് പൊലീസ്. കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് (21) തട്ടിക്കൊണ്ടുപോയത്. മേയ് 17ന് വെെകീട്ട് നാല് മണിയോടെ ആയുധങ്ങളുമായി കാറിലെത്തിയ സംഘം വീട്ടിൽ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ കയ്യിൽ നിന്ന് ഒരു കത്തി വീട്ടുമുറ്റത്ത് വീണിട്ടുണ്ട്.
പ്രതികളെന്ന് സംശയിക്കുന്നവരുടെയും അനൂസിന്റെയും ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇവർ സഞ്ചരിച്ച കാറിന്റെ നമ്പറും പുറത്തുവിട്ടിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിച്ചാൽ കൊടുവള്ളി സ്റ്റേഷനിൽ അറിയിക്കണമെന്നും പൊലീസ് നിർദേശിക്കുന്നു. ഇതിനിടെ അനൂസുള്ളത് മലപ്പുറം ജില്ലയിലാണെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. കൃത്യമായ സ്ഥലം മനസിലായിട്ടുണ്ടെന്നും അനൂസിനെ പ്രതികൾ ഉപേക്ഷിക്കാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി യുവാവിനെ ഉപേക്ഷിക്കാൻ സാദ്ധ്യതയുണ്ടെന്ന് മനസിലാക്കിയതിനെത്തുടർന്ന് താമരശേരി ചുരത്തിന് സമീപം പൊലീസ് അന്വേഷണം നടത്തിയിരുന്നു.
യുവാവിനെ തട്ടിക്കൊണ്ടുപോകാൻ സംഘം എത്തിയത് രണ്ട് വാഹനങ്ങളിലാണെന്ന് അനൂസ് റോഷന്റെ അമ്മ ജമീല പറഞ്ഞിരുന്നു. പ്രതികൾ മുഖം മൂടി ധരിച്ചിരുന്നുവെന്നും ആദ്യം അനൂസിന്റെ ഉപ്പയെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചതെന്നും ജമീല വെളിപ്പെടുത്തി.
ഉപ്പയെ തട്ടിക്കൊണ്ടുപോകുന്നത് തടയാൻ ശ്രമിക്കവെയാണ് പ്രതികൾ അനൂസിന് നേരെ തിരിഞ്ഞത്. തട്ടിക്കൊണ്ടുപോകലിന് പിറകിൽ കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ്. മൂന്ന് പേർക്കായി അനൂസിന്റെ സഹോദരൻ പണം നൽകാൻ ഉണ്ടെന്നും ഒരാൾക്ക് 35 ലക്ഷം കൊടുക്കാനുണ്ടെന്നും ജമീല പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |