തിരുവനന്തപുരം: 'വികസിത കേരളം' എന്ന മുദ്രാവാക്യമാണ് തദ്ദേശ തിരഞ്ഞെടുപ്പിലും തുടർന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ഉയര്‍ത്തുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. വികസിത കേരളമെന്നത് വെറുമൊരു മുദ്രാവാക്യമല്ല, ബിജെപിയുടെ ദൗത്യവും ലക്ഷ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ ഒൻപത് വർഷങ്ങൾ തികയ്ക്കുന്ന മേയ് 26ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപി സംസ്ഥാന കോർ കമ്മറ്റി, സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജനങ്ങള്‍ക്ക് വേണ്ടത് മാറ്റമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ ഇതുവരെ ചെയ്ത വികസന പ്രവര്‍ത്തനങ്ങളും ഇനി ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചും കേരളത്തിലെ ജനങ്ങളെ അറിയിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തില്‍ എന്താണ് ആഘോഷിക്കുന്നത്? കഴിഞ്ഞ ഒൻപത് വര്‍ഷം പിണറായി സര്‍ക്കാര്‍ കേരളത്തിന് എന്ത് ചെയ്തു? കേരളത്തിന് നഷ്ടപ്പെട്ട ദശകമാണ് എന്നത് ജനങ്ങളെ ബോധ്യപ്പെടുത്തും.
സിപിഎം സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. ഒരു ദളിത് സ്ത്രീ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതിയില്‍ 15 ദിവസം ഒന്നും ചെയ്തില്ല. പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടും ഒന്നും ചെയ്തില്ല. ആഘോഷം നടത്തുമ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ആഭ്യന്തര വകുപ്പ് എന്ത് ചെയ്തു, എന്ത് ചെയ്തില്ല എന്ന് പരിശോധിക്കണം. വികസനം കൊണ്ടുവരാനുള്ള ബിജെപിയുടെ കാഴ്ചപാടിനെക്കുറിച്ച് സംസാരിക്കാനാണ് ഏപ്രില്‍ 21 മുതല്‍ മേയ് 12 വരെ നടന്ന വികസിത കേരളം കണ്‍വെന്‍ഷനില്‍ ശ്രമിച്ചത്. യുവജനങ്ങളാണ് വികസിത കേരളം പരിപാടിയില്‍ ഏറ്റവുമധികം പങ്കാളികളായത്.
ബിജെപിയുടെ കാഴ്ചപ്പാടിനൊപ്പം വരാനും പങ്കാളികളാകാനും യുവജനങ്ങള്‍ വളരെ ഉത്സാഹം കാണിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി പാര്‍മെന്റില്‍ പറഞ്ഞത് ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു എന്നാണ്. അതൊരു ദേശീയ നയമാണ്. സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കട്ടെ. കേന്ദ്ര സര്‍ക്കാരുമായുള്ള തര്‍ക്കം ബിജെപി ഇടപെട്ട് പരിഹരിക്കും'- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്, അഡ്വ. പി സുധീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |