ന്യൂഡല്‍ഹി: കുപ്രസിദ്ധ സീരിയല്‍ കില്ലറും ആയുര്‍വേദ ഡോക്ടറുമായ ദേവേന്ദ്ര ശര്‍മ്മ ഒടുവില്‍ പൊലീസിന്റെ വലയില്‍ കുടുങ്ങി. നിരവധി കൊലപാതക കേസുകളിലെ പ്രതിയായ ഇയാള്‍ പരോളില്‍ ഇറങ്ങിയ ശേഷം കഴിഞ്ഞ രണ്ട് വര്‍ഷമായി മുങ്ങി നടക്കുകയായിരുന്നു. രാജസ്ഥാനില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഡോക്ടര്‍ ഡെത്ത് എന്നാണ് പൊലീസുകാര്‍ക്കിടയില്‍ ഇയാളെ അറിയപ്പെടുന്നത്. കൊലപാതക രീതിയും അതിന് തിരഞ്ഞെടുക്കുന്നവരും മൃതദേഹം എന്ത് ചെയ്യുന്നു എന്നതെല്ലാം തന്നെ ഡോക്ടര്‍ ഡെത്തിന്റെ കാര്യത്തില്‍ വ്യത്യസ്തതയാണ്.
ആയുര്‍വേദ ഡോക്ടറായി പ്രവര്‍ത്തിച്ച് തുടങ്ങിയ 2000ന്റെ തുടക്കത്തിലാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്. ഡ്രൈവര്‍മാരെയാണ് കൊലപ്പെടുത്താനായി തിരഞ്ഞെടുക്കുന്നത് എന്നതാണ് ദേവേന്ദ്ര ശര്‍മ്മയുടെ പ്രത്യേകത. 2002-2004 കാലയളവില്‍ ഓട്ടോ, ട്രക്ക്, ടാക്‌സി ഡ്രൈവര്‍മാരായ യുവാക്കളെ ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലായി ഏഴ് വ്യത്യസ്ത കേസുകളില്‍ ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. തീഹാര്‍ ജയിലിലാണ് കഴിഞ്ഞിരുന്നത്.
ഹരിയാനയിലെ ഗുഡ്ഗാവിലെ ഒരു കൊലപാതക കേസില്‍ ഇയാളെ തൂക്കിലേറ്റാന്‍ വിധിച്ചുവെങ്കിലും പിന്നീട് അപ്പീല്‍ നല്‍കി ശിക്ഷയില്‍ ഇളവ് സമ്പാദിക്കുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി ഇയാള്‍ മൃതദേഹങ്ങള്‍ മുതലകള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുമായിരുന്നു. ഇതിനായി ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലുള്ള ഹസാര കനാലിലെ മുതലകള്‍ നിറഞ്ഞ വെള്ളത്തില്‍ ഉപേക്ഷിക്കുന്നതായിരുന്നു ദേവേന്ദ്ര ശര്‍മ്മയുടെ രീതി.
വ്യാജ യാത്രകള്‍ക്കായി ഡ്രൈവര്‍മാരെ വിളിക്കുന്നതായിരുന്നു ഇയാളുടെ ശൈലി. ആളൊഴിഞ്ഞ ഇടത്തെത്തുമ്പോള്‍ ഡ്രൈവര്‍മാരെ വധിക്കും. ഇവരുടെ മൃതദേഹം പിന്നീട് കാസ്ഗഞ്ചില്‍ എത്തിച്ച് മുതലകള്‍ക്കു തിന്നാന്‍ കൊടുക്കും. ഡ്രൈവര്‍മാരില്‍നിന്ന് തട്ടിയെടുക്കുന്ന വാഹനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയും ചെയ്യും. രാജസ്ഥാനിലെ ദൗസയിലുള്ള ഒരു ആശ്രമത്തില്‍, വ്യാജ മേല്‍വിലാസത്തില്‍ സന്യാസിയായി വേഷം കെട്ടിയാണ് ഇയാള്‍ ഒളിവില്‍ താമസിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |