ഒരു സ്ഥിരവരുമാനം നല്‍കുന്ന ജോലിയുണ്ടാകുകയെന്നത് ഇന്നത്തെ കാലത്ത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ചെയ്യുന്ന ജോലിയില്‍ എല്ലാവരും തൃപ്തരാണോ? ചെയ്യുന്ന ജോലിക്ക് അതിനനുസരിച്ച് ശമ്പലം ലഭിക്കുന്നുണ്ടോ തുടങ്ങിയവ പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. ലോകത്തില്‍ സ്വന്തം ജോലിയില്‍ എല്ലാവരും തൃപ്തരാണോ? എന്തൊക്കെയാണ് ഇതിന് അടിസ്ഥാനമായ ഘടകങ്ങള്‍. ഇപ്പോഴിതാ ഏറ്റവും സംതൃപ്തി നല്‍കുന്ന ജോലികള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തുകയാണ് പുതിയ പഠനം.
എസ്റ്റോണിയയിലെ യൂണിവേഴ്സിറ്റി ഓഫ് ടാര്‍ടുവിലെ ഗവേഷകരാണ് 59,000 ആളുകളെ പങ്കെടുപ്പിച്ച് ഈ പഠനം സംഘടിപ്പിച്ചത്. 230ല്‍ അധികം വിവിധ ജോലികള്‍ ചെയ്യുന്നവരിലാണ് പഠനം നടത്തിയത്. മതപരമായ ജോലികള്‍ ചെയ്യുന്നവര്‍, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, എഴുത്തുകാര്‍ എന്നിവരാണ് തങ്ങളുടെ തൊഴിലില്‍ കൂടുതല്‍ സംതൃപ്തി രേഖപ്പെടുത്തിയത്. അടുക്കള, ഗതാഗത മേഖല, സ്റ്റോറേജ് യൂണിറ്റുകള്‍, നിര്‍മാണ ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരും സര്‍വേ, സെയില്‍സ് മേഖലയിലുള്ളവരുമാണ് തൊഴിലില്‍ ഒട്ടും തൃപ്തി രേഖപ്പെടുത്താത്തവര്‍.
ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, മനഃശാസ്ത്രജ്ഞര്‍, ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍, കപ്പലിലെ എഞ്ചിനീയര്‍ എന്നിവരും മികച്ച സംതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ സെക്യുരിറ്റി ഗാര്‍ഡ്, സര്‍വേ ജോലിക്കാര്‍, വെയ്റ്റര്‍, സെയില്‍സ് ജോലിക്കാര്‍, മരപ്പണിക്കാര്‍, കെമിക്കല്‍ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് ജോലിയിയില്‍ തൃപ്തി ലഭിക്കുന്നില്ലെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ ലഭിക്കുന്ന ശമ്പളത്തിന്റെ അളവ് മാാത്രമല്ല ജോലിയില്‍ ഒരാള്‍ തൃപ്തനാണോ അല്ലെയോ എന്ന് നിശ്ചയിക്കുന്നത്.
ഉത്കണ്ഠ നിറഞ്ഞ ജോലികള്‍ ചെയ്യുന്നവരില്‍ വലിയ ശമ്പളം ലഭിച്ചാലും തൃപ്തിയുണ്ടാകണമെന്നില്ല. സ്വന്തം ജോലിയില്‍ ഉത്തരവാദിത്തങ്ങളും സമ്മര്‍ദ്ദവും കൂടുതലുള്ള വിഭാഗത്തിലുള്ളവര്‍ക്ക് ശമ്പളം കൂടുതലാണെങ്കിലും സംതൃപ്തി ലഭിക്കില്ല. അതുകൊണ്ട് തന്നെയാണ് സ്വയം തൊഴില്‍ ചെയ്യുന്നവര്‍ വരുമാനം കുറഞ്ഞാല്‍ പോലും കൂടുതല്‍ സംതൃപ്തി അനുഭവിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |