തടയാൻ ശ്രമിച്ച സഹോദരിക്കും മർദ്ദനം
വെഞ്ഞാറമൂട്: പണം ആവശ്യപ്പെട്ടിട്ട് നൽകാത്ത വൈരാഗ്യത്തിൽ മദ്യ ലഹരിയിലായിരുന്ന മകൻ അമ്മയെ ചവിട്ടിക്കൊന്നു. വെമ്പായം തേക്കട ഭൂതക്കുഴി പുത്തൻവീട്ടിൽ ഓമന അമ്മയാണ് (75) മരിച്ചത്. മകൻ മണികണ്ഠനെ (46) വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാത്രി 7ഓടെയായിരുന്നു സംഭവം. മകൾ ശൈലജയ്ക്കൊപ്പമാണ് ഓമനഅമ്മ താമസിച്ചിരുന്നത്. പണയത്തിലിരിക്കുന്ന പ്രതിയുടെ ബൈക്ക് തിരിച്ചെടുക്കാൻ പ്രതി സഹോദരിയുടെ വീട്ടിലെത്തി ഓമന അമ്മയോട് പണം ആവശ്യപ്പെട്ടു. പണമില്ലെന്ന് പറഞ്ഞതോടെ പ്രതി അമ്മയെ ചവിട്ടി നിലത്തിട്ടു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴെല്ലാം ചവിട്ടുന്നത് തുടർന്നു. കൈ തിരിച്ച് ഒടിക്കുകയും ചെയ്തു. ഒടുവിൽ നിലത്തുവീണ ഓമന അമ്മയുടെ വാരിയെല്ല് പൊട്ടി മാംസം തുളച്ച് പുറത്തെത്തി. ക്രൂരത കണ്ട് ശൈലജ തടയാൻ ശ്രമിച്ചെങ്കിലും അവരെയും ആക്രമിച്ചു.
ബഹളംകേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ആക്രമണം നിറുത്തി. നാട്ടുകാരെത്തി പൊലീസിലും 108 ആംബുലൻസിലും വിവരമറിയിച്ചു. ആംബുലൻസിൽ ഓമന അമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രാത്രി 11.30ഓടെ മരിച്ചു.
സംഭവത്തിനു ശേഷം ജംഗ്ഷനിൽ നിന്ന മണികണ്ഠനെ സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിനൽകാതെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൽപ്പിടിത്തത്തിനൊടുവിലാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയിൽ പലപ്പോഴും വീട്ടിലെത്തി മാതാവിനോട് പണം ആവശ്യപ്പെടുന്നതും കൊടുത്തില്ലെങ്കിൽ ഉപദ്രവിക്കുന്നതും പതിവായിരുന്നുവെന്ന് ശൈലജ പറഞ്ഞു. ഇയാളുടെ ആക്രമണം ഭയന്ന് അച്ഛൻ തങ്കപ്പൻ പിള്ളയെ ബന്ധുവിന്റെ വീട്ടിലാക്കിയിരിക്കുകയാണ്. മറ്റൊരു മകൾ അനിത മറ്റൊരു വീട്ടിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |