കൊച്ചി: ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരുടെ സ്ഥലംമാറ്റത്തിനുള്ള താത്കാലിക പട്ടിക തയ്യാറായെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്തിമ പട്ടിക എന്ന് വരുമെന്ന് ആരാഞ്ഞ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച്, ഹയർസെക്കൻഡറി ഡയറക്ടർ പുറപ്പെടുവിച്ച സ്ഥലം മാറ്റ പട്ടിക റദ്ദാക്കിയ കേരള അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) ഉത്തരവിൻമേലുള്ള സ്റ്റേ നീട്ടി. മുന്നൂറിലേറെ പ്ലസ്ടു അദ്ധ്യാപകരെ സ്ഥലംമാറ്റി ഹയർസെക്കൻഡറി ഡയറക്ടർ മാർച്ച് 11ന് പുറപ്പെടുവിച്ച ഉത്തരവ് കെ.എ.ടി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസം അനുവദിച്ച സ്റ്റേയാണ് ഡിവിഷൻബെഞ്ച് നീട്ടിയത്. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
2023-24ലെ തസ്തിക നിർണയത്തെ തുടർന്ന് അധികമായി കണ്ടെത്തിയ 210 ഹയർ സെക്കൻഡറി അദ്ധ്യാപകരെ അതേ ജില്ലകളിലും സമീപ ജില്ലകളിലും സർക്കാർ മാറ്റി നിയമിച്ചിരുന്നു. ഇവരെ നിയമിക്കാനായി നിലവിൽ അവിടെ ജോലി ചെയ്തുവന്ന നൂറോളം അദ്ധ്യാപകർക്ക് അകലെയുള്ള ജില്ലകളിലേക്കടക്കം സ്ഥലംമാറ്റം നൽകി. ഇവരിൽ 31 അദ്ധ്യാപകർ നൽകിയ ഹർജിയിലായിരുന്നു കെ.എ.ടി ഉത്തരവ്. എന്നാൽ, 31 പേരുടെ ഹർജിയിൽ മൊത്തം സ്ഥലംമാറ്റം തകിടംമറിക്കാൻ ട്രൈബ്യൂണലിന് എങ്ങനെ കഴിയുമെന്ന് കോടതി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |