ചെന്നൈ: പഴനിയിലെ പണമിടപാട് സ്ഥാപനം ഉടമയായ സുകുമാറിനെ (44) ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഒരു സ്‌ത്രീ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. പഴനി ടൗൺ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. പഴനി അടിവാരത്തിലെ ദുർഗൈരാജ് (45), പഴനി നേതാജി നഗറിലെ നാരായണ സ്വാമി (44), ചിത്രാറാണി (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നാരായണ സ്വാമിയുടെ വീട്ടിൽ സുകുമാർ, നാരായണസ്വാമി, ദുർഗൈരാജ്, ചിത്രാറാണി എന്നിവർ ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഈ സമയം ചിത്രാറാണിയുടെ കൂടെ സുകുമാർ ഇരിക്കുന്നത് നാരായണസ്വാമിയും ദുർഗൈരാജും അവരുടെ മൊബൈൽ ഫോണിൽ വീഡിയോ എടുത്തു. പിന്നീട് ഈ ദൃശ്യങ്ങൾ സുകുമാറിനെ കാണിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
വീഡിയോ വീട്ടുകാർക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സുകുമാർ പഴനി ടൗൺ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |