കോട്ടയം:വിജയാഹ്ലാദങ്ങൾക്ക് അൽപ്പായുസേ ഉണ്ടായിരുന്നുള്ളൂ... പ്രിപ്പെട്ടവരേയും നാടിനേയും കണ്ണീരിലാഴ്ത്തി അഭിത പാർവതി രമേശ് (മാളു,18) തന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി മടങ്ങി. കോരിച്ചൊരിയുന്ന മഴയിലൂടെ പ്രകൃതിയും അഭിതയ്ക്ക് കണ്ണീരോടെ യാത്രാമൊഴിയേകി. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയെന്ന റിസൾട്ട് വന്നതിന് പിന്നാലെ വ്യാഴാഴ്ച സാധനങ്ങൾ വാങ്ങാൻ അമ്മ നിഷയ്ക്കൊപ്പം കോട്ടയത്ത് വന്ന അഭിത, ചന്തക്കവലയിൽ വച്ച് കാറിടിച്ചാണ് മരിച്ചത്. അപകടത്തിൽ നിഷയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടമുണ്ടാക്കിയ കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കൽ വി.ടി രമേശിന്റെയും കെ.ജി നിഷയുടെ രണ്ട് മക്കളിൽ മൂത്തയാളായിരുന്നു അഭിത. സഹപാഠികളും, അദ്ധ്യാപകരും, അയൽവാസികളും, ബന്ധുക്കളുമുൾപ്പെടെ നിരവധി പേരാണ് പൈലിക്കവല ഇരവുചിറയിലെ വീട്ടിലേക്ക് ഇന്നലെ അഭിതയെ അവസാനമായി ഒരുനോക്കുകാണാൻ ഒഴുകിയെത്തിയത്.
സങ്കട യാത്ര
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെയാണ് അഭിതയുടെ ഭൗതീക ദേഹം വീട്ടിലെത്തിച്ചത്.വ്യാഴാഴ്ച്ച വൈകിട്ട് അമ്മയ്ക്കൊപ്പം സന്തോഷത്തോടെ കോട്ടയം ടൗണിലെത്തിയ അഭിതയുടെ മടക്കയാത്ര പരിക്കേറ്റ അമ്മ നിഷയ്ക്കൊപ്പം ആംബുലൻസിൽ ചേതനയറ്റായിരുന്നു...
ദു:ഖം ഉള്ളിലൊതുക്കി
ഉറക്കെ കരയാൻ പോലും കഴിയാതെ അമ്മയും അച്ഛനും സഹോദരിയും വിങ്ങിപ്പൊട്ടുകയായിരുന്നു. അമ്മ നിഷ മുഖത്തിനേറ്റ പരിക്കിനെ തുടർന്ന് ബാൻഡേജ് ധരിച്ചിരിക്കുന്നതിനാൽ, മകളുടെ വിയോഗം താങ്ങാനാവാതെ ദു:ഖം ഉള്ളിലൊതുക്കി. ചേച്ചീ എന്ന് വിളിച്ചു കരയുന്ന സഹോദരി അഭിജയെ ഏങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കണ്ടുനിന്നവരും വിങ്ങിപ്പൊട്ടി.വീടിനുള്ളിൽ കർമ്മം നടത്തിയ ശേഷം, വീടിന് പിൻവശത്തായാണ് അഭിതയ്ക്ക് അന്ത്യവിശ്രമമൊരുക്കിയത്. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥൻ, അഡ്വ റെജി സക്കറിയ, കെ.എം രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം സുധാ കുര്യൻ, വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ള നിരവധിപ്പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
എല്ലാത്തിലും മിടുക്കി
ഓൾഡ് ഏജ് ഹോം ജീവനക്കാരനാണ് പിതാവ് രമേശ്. നിഷ കുറുമ്പനാടം സെന്റ് ആന്റണീസ് എൽ.പി സ്കൂളിലെ ഹിന്ദി അദ്ധ്യാപികയാണ്. നിഷയും രമേശും ചേർന്ന് ട്യൂഷൻ സെന്ററും വീട്ടിൽത്തന്നെ ആരംഭിച്ചിരുന്നു. പ്ലസ് ടു ഫലം വന്നതിനെ തുടർന്ന് നിഷയുടെ സ്കൂൾ ഗ്രൂപ്പിലും അഭിതയുടെ വിജയം പങ്കിട്ടിരുന്നു. കലാ കായിക മത്സരങ്ങളിൽ സ്കൂൾ തലത്തിലും ജില്ലാതലത്തിലും നിരവധി സമ്മാനങ്ങൾ അഭിത വാരിക്കൂട്ടിയിരുന്നു. വീട്ടിലെ ഷെൽഫിൽ നിറയെ അഭിതയും അഭിജയും നേടിയ സമ്മാനങ്ങളാണ്. കരകൗശല നിർമ്മാണത്തിലായിരുന്നു അഭിതയ്ക്ക് കൂടുതൽ താത്പര്യം, അഭിജയ്ക്ക് പാട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |