ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. ജാർഖണ്ഡിലെ ചൈബസ കോടതിയുടേതാണ് നടപടി. മേയ് 26ന് രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി.
കൊലക്കുറ്റം ചുമത്തപ്പെട്ടയാൾക്കുപോലും വേണമെങ്കിൽ ബിജെപി അദ്ധ്യക്ഷനാകാമെന്നായിരുന്നു രാഹുൽ ഗാന്ധി, അമിത് ഷായ്ക്കെതിരെ നടത്തിയ അധിക്ഷേപം. 2018ൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ വച്ചായിരുന്നു പരാമർശം. അതേവർഷം ജൂലായിൽ ജാർഖണ്ഡിലെ ബിജെ പി പ്രവർത്തകനായ പ്രതാപ് കത്യാറാണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്. കേസിൽ തുടര്‍ച്ചയായി സമൻസ് അയച്ചിട്ടും രാഹുൽ ഗാന്ധി ഹാജരായിരുന്നില്ല. ഇതിനുപിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ കോടതി ജാമ്യം ലഭിക്കാവുന്ന വാറന്റ് പുറപ്പെടുവിച്ചത്. വാറന്റ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി കഴിഞ്ഞ വർഷം ജാര്‍ഖണ്ഡ് ഹൈക്കോടതി തീർപ്പാക്കി. പിന്നാലെ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹര്‍ജി ചൈബസ കോടതി തള്ളിയതോടെയാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |